അടുക്കള വാതിൽ തുറന്ന് പുറകു വശത്തെ ലൈറ്റിട്ടപ്പോൾ തൊട്ടു മുൻപിൽ കടുവ; ഭയന്നു വിറച്ച് ബിന്ദു

അടുക്കള വാതിൽ തുറന്ന് പുറകു വശത്തെ ലൈറ്റിട്ടപ്പോൾ തൊട്ടു മുൻപിൽ കടുവ; ഭയന്നു വിറച്ച് ബിന്ദു
ബത്തേരി∙ മണിച്ചിറ– മലയവൽ റൂട്ടിൽ മാനിവയലിലും പരിസര പ്രദേശങ്ങളിലും ഭീതി പടർത്തി കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ വാഹന യാത്രക്കാർക്കു മുൻപിലെത്തിയ കടുവ വീടിനു പിന്നിലെ തൊഴുത്തിനടുത്തെത്തിയതും ഏറെ ഭയപ്പാടുണ്ടാക്കി.വീട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ കടുവ ഇരുട്ടിൽ മറഞ്ഞു. സമീപത്തെ കൊല്ലംപറമ്പിൽ ജയിംസിന്റെ കൃഷിയിടങ്ങളിൽ കടുവയുടെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയ വനപാലകർ കാൽപാടുകൾ കടുവയുടേതെന്നു സ്ഥിരീകരിച്ചു.
പ്രദേശത്ത് 5 ക്യാമറകൾ സ്ഥാപിച്ചെന്നു മേപ്പാടി റേഞ്ച് ഓഫിസർ ഡി. ഹരിലാൽ പറഞ്ഞു. രണ്ടു ദിവസം മുൻപ് ഇവിടെ നിന്ന് 3 കിലോമീറ്റർ മാറി പൂതിക്കാട്ടിൽ കടുവ ആടിനെ പിടികൂടിയിരുന്നു.ബത്തേരി നഗരസഭയുടെയും നെൻമേനി പഞ്ചായത്തിന്റെയും അതിർത്തിയായ മാനിവയലിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് ജീപ്പിനു മുൻപിലേക്ക് കടുവ ചാടിയത്. തുടർന്നു മാനിവയൽ വായനശാലയുടെ സമീപം താമസിക്കുന്ന കോടിമഞ്ചൽ ബിന്ദുവിന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. വീട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ ഇരുളിൽ മറഞ്ഞു.
അടുക്കള വാതിൽ തുറന്ന് പുറകു വശത്തെ ലൈറ്റിട്ടപ്പോൾ മാനിവയൽ കോടിമഞ്ചൽ ബിന്ദു കണ്ടത് തൊട്ടു മുൻപിൽ നിൽക്കുന്ന കടുവയെ. മകൻ അഭിഷേകും ഒപ്പമുണ്ടായിരുന്നു. ബഹളം വച്ചപ്പോൾ കടുവ മുറ്റത്തിന് താഴ്ഭാഗത്തുള്ള തോട്ടിലേക്ക് ചാടിയെന്നു ബിന്ദു പറയുന്നു.റോഡിന് എതിർവശത്തുള്ള വീട്ടുകാരാണ് കടുവ ഞങ്ങളുടെ മുറ്റത്തേക്ക് വന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞത്.
തൊഴുത്തിൽ 2 പശുക്കുട്ടികൾ ഉണ്ടായിരുന്നതിനാലാണ് അടുക്കള വാതിൽ തുറന്ന് പിന്നിലേക്ക് ചെന്നത്. ലൈറ്റിട്ടപ്പോൾ തന്നെ കടുവ തൊഴുത്തിനടുത്ത് നിൽക്കുന്നത് കണ്ടെന്നും ബിന്ദു പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും പഞ്ചായത്ത് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും സ്ഥിരം സമിതി അധ്യക്ഷ ജയ മുരളി പറഞ്ഞു.