20 April 2024 Saturday

പക്ഷിപ്പനിയും,കൊറോണയും ജില്ലയില്‍ കോഴികര്‍ഷകരുടെ നടുവൊടിഞ്ഞു

ckmnews

ചങ്ങരംകുളം:കൊറോണയും പക്ഷിപ്പനിയും മൂലം ജില്ലയിലെ കോഴികര്‍ഷകര്‍ തീരാദുരിതത്തില്‍.ജില്ലയിലെ നൂറ്കണക്കിന് വരുന്ന കോഴി കര്‍ഷകരാണ് പക്ഷിപ്പനി മൂലം ദുരിതത്തിലായിരിക്കുന്നത്.കോഴി വാങ്ങാന്‍ ആളില്ലാതെ വന്നതോടെ പ്രായം കഴിഞ്ഞ കോഴികളെയെല്ലാം പലരും കിട്ടിയ വിലക്ക് കൊടുത്ത് ഒഴിവാക്കി.പുതിയ ഉദ്പാദനങ്ങള്‍ പലരും പാടെ നിര്‍ത്തി.പക്ഷിപ്പനി ജില്ലയില്‍ സ്ഥിരീകരിച്ചതോടെ കോഴികളെയും മറ്റു വളര്‍ത്തുപക്ഷികള്‍ അടക്കമുള്ളവയെയും ആരോഗ്യവകുപ്പ് വ്യാപകമായി കൊന്ന് കുഴിച്ച് മൂടിയിരുന്നു.പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് വ്യാപകമായി വ്യാജപ്രചരങ്ങള്‍ കൂടി വന്നതോടെയാണ് കോഴി വാങ്ങാന്‍ ആളില്ലാതെ ആയത്.കിലോക്ക് 10 മുതല്‍ 30 രൂപക്ക് വരെ കോഴികള്‍ വിറ്റഴിച്ചാണ് പലരും ഫാമുകള്‍ കാലിയാക്കിയത്.ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഈ മേഖലയില്‍ കര്‍ഷകര്‍ നേരിട്ട് കൊണ്ടിരിക്കുന്നത്.വിവാഹങ്ങള്‍ മറ്റു ആഘോഷങ്ങള്‍ അടക്കമുള്ള പൊതുപരിപാടികള്‍ പൂര്‍ണ്ണമായും നിലച്ചതോടെ കോഴി കര്‍ഷകരുടെ നിലനില്‍പ് തന്നെ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്.ലോണെടുത്തും കടം വാങ്ങിയും തുടങ്ങിയ ചെറുകിട കര്‍ഷകരുടെ അവസ്ഥ ദയനീയമാണെന്നാണ് വിവരം.ഇറച്ചിക്കോഴികള്‍ വില്‍പന നടത്തി ഉപജീവനം നടത്തുന്നവര്‍ പലരും കടകള്‍ അടച്ചുപൂട്ടി.കോഴി വിഭവങ്ങള്‍ മാത്രം കച്ചവടം നടത്തുന്ന ജില്ലയിലെ നൂറ് കണക്കിന് വരുന്ന റസ്റ്റോറന്റ് ഉടമകളും ആയിരക്കണക്കിന് വരുന്ന ജീവനക്കാരും ആശങ്കയിലാണ്.ജില്ലയില്‍  കൊറോണയും സ്ഥിരീകരിച്ചതോടെ വ്യാപാര മേഖല പൂര്‍ണ്ണമായും സ്ഥംഭിച്ച അവസ്ഥലായിരിക്കുകയാണ്.പലരും ഉപജീവനത്തിനായുള്ള മറ്റു വഴികള്‍ തേടാനുള്ള തയ്യാറെടുപ്പിലാണ്