20 April 2024 Saturday

ചട്ടങ്ങൾ കർശനമാക്കുന്നു:തൊഴിലുറപ്പിൽ ജോലിതീർത്തില്ലെങ്കിൽ കൂലി കുറയും

ckmnews

ചട്ടങ്ങൾ കർശനമാക്കുന്നു:തൊഴിലുറപ്പിൽ ജോലിതീർത്തില്ലെങ്കിൽ കൂലി കുറയും


തിരുവനന്തപുരം:തൊഴിലുറപ്പിന്റെ നടത്തിപ്പുചട്ടങ്ങൾ കർക്കശമാക്കുന്നു. ഓരോദിവസവും ചെയ്യേണ്ട ജോലി അന്നുതന്നെ പൂർത്തിയാക്കണം. ബാക്കിവന്ന ജോലി അടുത്തദിവസം തീർത്തില്ലെങ്കിൽ കൂലി കുറയും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള മേറ്റുമാർക്ക് അധികച്ചുമതല നൽകി നടത്തിപ്പിന്റെ ചട്ടങ്ങൾ കർക്കശമാക്കി.



ഓരോ ജോലിയും തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ളദിവസം ഗ്രാമപ്പഞ്ചായത്ത് എൻജിനിയറുടെയും ഓവർസിയറുടെയും സാന്നിധ്യത്തിൽ മസ്റ്റർറോളിലുള്ള തൊഴിലാളികളുടെ യോഗം വിളിക്കണമെന്നത് നിർബന്ധമാക്കാൻ സർക്കാർ നിർദേശിച്ചു. അഞ്ചുമുതൽ 10 വരെ തൊഴിലാളികളുടെ ഗ്രൂപ്പുണ്ടാക്കി ചെയ്യേണ്ട ജോലി, പൂർത്തിയാക്കിയത് എന്നിവ രേഖപ്പെടുത്തും. ഗ്രൂപ്പുകളെ ഏകോപിപ്പിക്കാൻ ലീഡറെ നിയമിക്കും.


ഓരോ ആഴ്ചയും ചെയ്യേണ്ടിയിരുന്നതും പൂർത്തിയാക്കിയതുമായ ജോലിയുടെ കണക്ക് എൻജിനിയർ പരിശോധിക്കണം. ഇരുപതിലധികം തൊഴിലാളികളുള്ള എല്ലാജോലിയുടെയും ഹാജർ മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തിൽ രേഖപ്പെടുത്തണം. എം ബുക്കിലുള്ള അളവിന് ആനുപതികമായേ വേതനം നൽകാവൂവെന്നുമാണ് പുതുക്കിയ നിർദേശത്തിലുള്ളത്.

എസ്റ്റിമേറ്റു പ്രകാരമാണ് ജോലിനടക്കുന്നതെന്ന് ഉറപ്പാക്കാൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഉൾപ്പെടെയുള്ളവരുടെയും ജില്ലാ ക്വാളിറ്റി മോണിറ്റർമാരുടെയും പരിശോധനയുമുണ്ടാകും


കുടുംബശ്രീയുടെ പ്രാദേശിക വികസനസമിതിയിൽ (എ.ഡി.എസ് .) പൊതുവിഭാഗം അംഗങ്ങളിൽ പത്താംക്ലാസ് ജയിക്കാത്തവരെ തുല്യതാപരീക്ഷ എഴുതിക്കും. പത്താംക്ലാസ് യോഗ്യതനേടാൻ ബ്ലോക്ക് പ്രാഗ്രാം ഓഫീസറും കുടുംബശ്രീയും സാക്ഷരതാമിഷനും ഇവരെ സഹായിക്കും. പരീക്ഷ ജയിക്കുന്നവരെ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റായി പരിഗണിക്കുമെന്ന് തദ്ദേശവകുപ്പ് വ്യക്തമാക്കി.


തൊഴിലുറപ്പ് ജോലി നടക്കുന്നയിടത്ത് മലയാളത്തിൽ എഴുതിവെക്കുന്ന എസ്റ്റിമേറ്റിൽ ഓരോ ആഴ്ചയിലും പൂർത്തീകരിക്കുന്ന ജോലിയും പ്രത്യേകമായി ഉൾപ്പെടുത്തും. 20 മുതൽ 40 വരെ തൊഴിലാളികളുള്ള ജോലിക്ക്‌ ഒരുമേറ്റിനെ അർധവിദഗ്ധതൊഴിലാളിയുടെ വേതനംനൽകി നിയമിക്കും. 41- 60 തൊഴിലാളികൾക്ക് രണ്ടും 80 വരെയുള്ളിടത്ത് മൂന്നും മേറ്റുമാരെ നിയമിക്കും.


സ്വകാര്യഭൂമിയിൽ



നീർത്തടാധിഷ്ഠിത ജോലിമാത്രമേ സ്വകാര്യഭൂമിയിൽ പാടുള്ളൂ. എസ്റ്റിമേറ്റിൽനിന്നുമാറി ജോലി അനുവദിക്കില്ല. മേറ്റുമാർക്ക് വീഴ്ചയുണ്ടായാൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കു പുറമേ, ബ്ലോക്ക് പ്രോഗാം ഓഫീസർ, ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നിവർക്കും നടപടിയെടുക്കാം.