29 March 2024 Friday

വിനോദസഞ്ചാര വകുപ്പിന്റെ ഓണംവാരാഘോഷത്തിന് നാളെ തിരശീല വീഴും

ckmnews

വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണംവാരാഘോഷത്തിന് നാളെ തിരശീല വീഴും. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ഓണം വാരാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. ഉദ്ഘാടന ദിവസമായ സെപ്തംബര്‍ ആറുമുതല്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 32 വേദികളും സജീവമായിരുന്നു മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സെപ്തംബര്‍ ഒന്നിന് തന്നെ നഗരത്തിലെ ദീപാലങ്കാരം തുടങ്ങി. കാര്യവട്ടം മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വിവേകാനന്ദ പാര്‍ക്ക് മുതല്‍ വെള്ളയമ്പലം ജംഗ്ഷന്‍ വരെയും വേളിടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, കോവളം, നെയ്യാര്‍ഡാം, കോട്ടൂര്‍ എന്നിവിടങ്ങളിലും ഒരുക്കിയ ദീപാലങ്കാരം കാണാന്‍ നാളെക്കൂടി അവസരമുണ്ടാകും. ഇതിന് പുറമെ കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറും എക്‌സിബിഷനും ഭക്ഷ്യമേളയും ജനങ്ങള്‍ ഏറ്റെടുത്തു.രാവിലെ 10 മുതല്‍ വൈകുന്നേരം 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും മനസിലാക്കാന്‍ കഴിയുന്ന സ്റ്റാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ പ്രധാന ആകര്‍ഷണമാണ്. ഇതിനുപുറമെ ജില്ലയിലെ 32 വേദികളിലായി ദിവസവും നിരവധി പരിപാടികളും നടക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം 06.15ന് ഡോ.ഗായത്രി സുബ്രഹ്മണ്യം നയിക്കുന്ന കേരള നടനവും 07.15 മുതല്‍ മലയാള മനോരമ മെഗാഷോ ‘ പുതിയ കേരളവും’ അരങ്ങേറും.