20 April 2024 Saturday

മദ്യലഹരിയിൽ കിണറ്റിൽച്ചാടിയ യുവാവ് മരിച്ചു; പിന്നാലെ ചാടിയ സുഹൃത്തുക്കളെ അഗ്നിരക്ഷാസേന രക്ഷിച്ചു

ckmnews

കൊട്ടാരക്കര: മദ്യലഹരിയിൽ കിണറ്റിൽച്ചാടിയ യുവാവ് മരിച്ചു. രക്ഷിക്കാൻ പിന്നാലെ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാടാംകുളം ചരുവിള മേലേതിൽ വിനീത് (25) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ ഇ.ടി.സി.യിൽ നവോദയ സ്കൂളിനു സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.


സുഹൃത്തുക്കൾചേർന്ന് മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് വിനീത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ശ്യാം, പ്രദീപ് എന്നിവർ പിന്നാലെ ചാടി. കിണറ്റിലകപ്പെട്ട മൂന്നുപേരെയും അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും വിനീത് മരിച്ചിരുന്നു. വിനീതിന്റെ അച്ഛൻ: വിജയൻ. അമ്മ: ജാനമ്മ.