19 April 2024 Friday

മലപ്പുറം മമ്പാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു, 65 പേ‍ർക്ക് പരിക്ക്

ckmnews

മലപ്പുറം: മലപ്പുറം മമ്പാട് ടാണ ജംഗ്ഷന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 65 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഞ്ച് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പാട് തോട്ടിന്റക്കര സ്വദേശി ഷംസുദ്ധീൻ ( 32 )നെയാണ് കോഴിക്കോട് മെഡിക്കൽ ആശുപത്രിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയാണ് അപകടം സംഭവിച്ചത്.


കോഴിക്കോട് ഭാഗത്തു നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന ക്ലാസിക്ക് ബസും മുണ്ടേരിയിൽ നന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കോബ്ര ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻ ഭാഗം തകർന്നു. അപകടം സംഭവിച്ച ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയതിനാൽ പരിക്കേറ്റവരെ ദ്രുതഗതിയിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കാനായി. നാട്ടുകാരുടെ രക്ഷാപ്രവർത്തനമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്.


കിട്ടിയ സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലുമാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എല്ലിനും മറ്റും സാരമായി പരിക്കേറ്റവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടർന്ന് നാട്ടുകാർ തന്നെ ടാണ ജംഗ്ഷനിൽ നിന്ന് ചെറിയ റോഡ് വഴി സ്പ്രിംഗ്സ് സ്‌ക്കൂൾ വരെ വാഹനങ്ങൾ തിരിച്ചുവിട്ടു. അപകടത്തിൽപെട്ട ബസുകൾ ഏറെ ശ്രമഫലമായാണ് വേർപ്പെടുത്തിയത്. കൂട്ടിയിടിച്ച് റോഡരികിലേക്ക് ഇറങ്ങിയ കോബ്ര ബസ് ജെ സി ബി ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ബസുകൾ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.