28 March 2024 Thursday

പാസ്‌പോര്‍ട്ട് വേണ്ട, ലൈസന്‍സും; ജന്മദിനം രണ്ട്: രാജാവാകുന്ന ചാള്‍സിന് ലഭിക്കുക അസാധാരണ അവകാശങ്ങള്‍

ckmnews

പാസ്‌പോര്‍ട്ട് വേണ്ട, ലൈസന്‍സും; ജന്മദിനം രണ്ട്: രാജാവാകുന്ന ചാള്‍സിന് ലഭിക്കുക അസാധാരണ അവകാശങ്ങള്‍


ലണ്ടൻ: അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് യു.കെയുടേയും കോമൺവെൽത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തിയതോടെ ചാൾസ് രാജാവിന് ലഭിക്കുക അസാധാരണമായ ചില അവകാശങ്ങൾ. യാത്രകൾ നടത്താൻ പാസ്പോർട്ട് വേണ്ട, വാഹനങ്ങളോടിക്കാൻ ലൈസൻസ് വേണ്ട, വർഷത്തിൽ രണ്ടുതവണ ജന്മദിനം ആഘോഷിക്കാം- തുടങ്ങിയ അവകാശങ്ങളാണ് രാജാവായതോടെ ചാൾസിനെ തേടിയെത്തിയിരിക്കുന്നത്.


പാസ്പോർട്ടും ലൈസൻസും വേണ്ട


ഏത് വിദേശ രാജ്യങ്ങളിലേക്കാണെങ്കിലും പാസ്പോർട്ടില്ലാതെ ചാൾസ് രാജാവിന് യാത്ര നടത്താം. രാജ്യത്ത് യാത്രാരേഖകൾ അടിച്ചിറക്കുന്നത് രാജാവിൻറെ പേരിലാണ് എന്നതിനാലാണ് രാജാവിന് മറ്റു രേഖകളുടെ ആവശ്യമില്ലാത്തത്. എന്നാൽ, മറ്റു രാജകുടുംബാംഗങ്ങൾക്ക് ഈ അവകാശം ലഭിക്കില്ല.


ഇതേ കാരണങ്ങൾക്കൊണ്ടുതന്നെ അദ്ദേഹത്തിന് വാഹനം ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസൻസിന്റേയും ആവശ്യമില്ല. ബ്രിട്ടണിൽ ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ അനുമതിയുള്ള ഏക വ്യക്തി രാജാവാണ്.


രണ്ട് ജന്മദിനം


ചാൾസിന്റെ അമ്മ എലിസബത്ത് രാജ്ഞിക്ക് രണ്ട് ജന്മദിനങ്ങൾ ഉണ്ടായിരുന്നു. ഏപ്രിൽ 21-ന് അവരുടെ യഥാർത്ഥ ജന്മദിനവും ജൂണിലെ രണ്ടാമത്തെ ചൊവ്വാഴ്ച ഔദ്യോഗിക പൊതു ആഘോഷവുമായിരുന്നു.


ചാൾസിന്റെ യഥാർത്ഥ ജന്മദിനം നവംബർ 14-നാണ്. ഈ സമയം ശൈത്യകാലമായതിനാൽ പൊതു ആഘോഷങ്ങൾക്ക് അവസരം നൽകുന്നതിന് വേനൽ കാലത്ത് ഒരു തീയതി ഇതിനായി പ്രഖ്യാപിച്ചേക്കും.


1,400-ൽ അധികം സൈനികരും 200 കുതിരകളും 400 സംഗീതജ്ഞരും ഉൾപ്പെടുന്ന വർണാഭമായ പൊതു ആഘോഷ പരിപാടികളാകും സംഘടിപ്പിക്കുക. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് രാജകുടുംബാംഗങ്ങളെ സാക്ഷിയാക്കി വ്യോമസേനയുടെ ഒരു ഫ്ളൈപാസ്സോടെയാണ് നടപടികൾ അവസാനിപ്പിക്കുക.


വോട്ടും രാഷ്ട്രീയവും പാടില്ല


ബ്രിട്ടീഷ് രാജാവിന് പൊതു തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. രാഷ്ട്രത്തലവൻ എന്ന നിലയിൽ അവർ രാഷ്ട്രീയ കാര്യങ്ങളിൽ കർശനമായി നിഷ്പക്ഷത പാലിക്കണമെന്നാണ് നിബന്ധന.


അതേസമയം, പാർലമെന്റ് സമ്മേളനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനത്തിലും പാർലമെന്റിൽ നിന്നുള്ള നിയമനിർമ്മാണത്തിന് അംഗീകാരം നൽകുന്നതിലും പ്രധാനമന്ത്രിയുമായി പ്രതിവാര ചർച്ചകൾ നടത്തുന്നതിലും അവർ പങ്കാളികളാണ്.


അരയന്നങ്ങളുടേയും ഡോൾഫിനുകളുടേയും അവകാശി


ബ്രിട്ടണിലെ ജനങ്ങളുടെ മാത്രം അധികാരിയല്ല രാജാവും രാജ്ഞിയും. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ടിലും വെയിൽസിലുടനീളവുമുള്ള തടാകങ്ങളിലും നദികളിലുമുള്ള മ്യൂട്ട് സ്വാൻ വിഭാഗത്തിൽപ്പെട്ട അരയന്നങ്ങൾ രാജാവിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു.


എല്ലാ വർഷവും തേംസ് നദിയുടെ തീരങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് നടത്താറുണ്ട്. ബ്രിട്ടീഷ് ജലാശയങ്ങളിലെ സ്റ്റർജൻ (കടൽക്കൂരി), ഡോൾഫിനുകൾ, തിമിംഗലങ്ങൾ എന്നിവയ്ക്കും രാജാവുമായി ബന്ധപ്പെട്ട പ്രത്യേകാവകാശമുണ്ട്.


ഔദ്യോഗിക കവി


ഓരോ പത്ത് വർഷത്തിലും ബ്രിട്ടീഷ് ഭരണാധികാരി പുരസ്കാര ജേതാവായിട്ടുള്ള ഒരു കവിയെ നിയമിക്കും. 17-ാം നൂറ്റാണ്ട് മുതൽ ഈ പാരമ്പര്യം നിലനിൽക്കുന്നുണ്ട്.


രാജ വാറന്റ്


രാജാവിന് ചരക്കുകളും സേവനങ്ങളും പതിവായി വിതരണംചെയ്യുന്ന കമ്പനികൾക്ക് ചാൾസ് മൂന്നാമൻ രാജാവ് ഒരു റോയൽ വാറന്റ് നൽകും. കമ്പനികൾക്ക് അവരുടെ ചരക്കുകളിൽ രാജകീയ ചിഹ്നങ്ങൾ ഉപയോഗിക്കാൻ ഈ വാറണ്ട് അധികാരം നൽകുന്നു.


ബർബെറി, കാഡ്ബറി, ജാഗ്വാർ കാർസ്, ലാൻഡ് റോവർ, സാംസങ്, വെയ്ട്രോസ് സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവ റോയൽ വാറന്റുള്ള കമ്പനികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.