25 April 2024 Thursday

ഓണക്കാലത്തെ മദ്യവിൽപനയിൽ ബെവ്കോയ്ക്ക് വൻ മുന്നേറ്റം: നാലിടത്ത് ഒരു കോടിയുടെ വ്യാപാരം

ckmnews

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികൾ ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബിവറേജസ് കോർപ്പറേഷൻ. റെക്കോർഡ് വിൽപനയാണ് ഈ ഓണത്തിനും ബെവ്കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായത്.  


ഓണം സീസണിലെ മൊത്തം വ്യാപാരിത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്കോയ്ക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു. 


കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ് ഇക്കുറി റെക്കോർഡ് മദ്യവിൽപന നടന്നത്. 1.06 കോടി രൂപയാണ് അവിടെ വിറ്റത്. ആശ്രാമം അടക്കം നാല് ഔട്ട്ലെറ്റുകളിൽ ഒരു കോടിയിലേറെ വ്യാപാരം നടന്നു. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു.