24 April 2024 Wednesday

സംസ്ഥാനത്ത് ഓണദിനങ്ങൾ മഴയിൽ മുങ്ങിയേക്കും.11 വരെ മഴ തുടരും

ckmnews

സംസ്ഥാനത്ത് ഓണദിനങ്ങൾ മഴയിൽ മുങ്ങിയേക്കും.11 വരെ മഴ തുടരും


തിരുവനന്തപുരം:സംസ്ഥാനത്ത് ഓണദിനങ്ങൾ മഴയിൽ മുങ്ങിയേക്കും. 11 വരെ മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്കൻ ജില്ലകളിൽ ശക്തി കുറഞ്ഞ് മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും ശക്തിപ്രാപിക്കാനാണു സാധ്യത. ഇടിമിന്നൽ ജാഗ്രതാ നിർദേശവും ഉണ്ട്. ഏതാനും ദിവസമായി മഴ തുടരുന്ന മലയോര മേഖലകളിൽ മലയിടിച്ചിലിനും മറ്റും സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും ഉണ്ട്. കേരള തീരത്തു നാളെ വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. തീരപ്രദേശത്തു ശനിയാഴ്ച വരെ 40 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത ഉണ്ട്.


കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് 24 മണിക്കൂറിനകം ന്യൂനമർദമായി രൂപപ്പെടുന്നതിനാൽ സംസ്ഥാനത്തു പലയിടത്തും മഴ ലഭിക്കും. ചൊവ്വാഴ്ച കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ 11 സെന്റിമീറ്റർ മഴയാണു പെയ്തത്. കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ 7 സെന്റിമീറ്റർ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.