29 March 2024 Friday

റവന്യു വകുപ്പിലെ സ്ഥാനക്കയറ്റം: 3 വർഷം വില്ലേജ് ഓഫിസ് സേവനം നിർബന്ധം

ckmnews

റവന്യു വകുപ്പിലെ സ്ഥാനക്കയറ്റം: 3 വർഷം വില്ലേജ് ഓഫിസ് സേവനം നിർബന്ധം


തിരുവനന്തപുരം:റവന്യു വകുപ്പിൽ സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ കുറഞ്ഞതു 3 വർഷം വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്യണമെന്നതു നിർബന്ധമാക്കി. ക്ലാർക്ക്, വില്ലേജ് അസിസ്റ്റന്റ്, സീനിയർ ക്ലാർക്ക്, സ്പെഷൽ വില്ലേജ് ഓഫിസർ  തസ്തികകളിലായി 3 വർഷം വില്ലേജ് ഓഫിസ് സേവനം നിർബന്ധമാക്കി റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 2026 ഏപ്രിൽ ഒന്നു മുതൽ വില്ലേജ് ഓഫിസറോ തത്തുല്യ തസ്തികയിലോ സ്ഥാനക്കയറ്റം ലഭിക്കുന്നത് വില്ലേജ് ഓഫിസിലെ സേവന കാലയളവ് പരിശോധിച്ചാകും. 


ഭൂമി രേഖകൾ തയാറാക്കലും രേഖപ്പെടുത്തലും, ഭൂനികുതി സ്വീകരണം, ദുരന്തനിവാരണം, ദുരിതാശ്വാസ സഹായം, സർട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങി ഒട്ടേറെ റവന്യു നടപടിക്രമങ്ങൾ നടക്കുന്ന വകുപ്പിന്റെ താഴെത്തട്ടിലുള്ള സംവിധാനമാണു വില്ലേജ് ഓഫിസുകൾ. എന്നാൽ, ഒരിക്കൽ പോലും വില്ലേജ് ഓഫിസിൽ ജോലി ചെയ്യാതെ ഡപ്യൂട്ടേഷനിലൂടെയും വർക് അറേഞ്ച്മെന്റിലൂടെയും മറ്റു ഓഫിസുകളിൽ ജോലി ചെയ്തു സ്ഥാനക്കയറ്റത്തിലൂടെ തഹസിൽദാരും ഡപ്യൂട്ടി കലക്ടറും വരെ ആകുന്നവർ റവന്യു വകുപ്പിൽ ഉണ്ട്. ഇതു റവന്യു ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെ ബാധിക്കുന്നതായി വിലയിരുത്തി, ഒരു വർഷം മുൻപ് റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ റവന്യു സെക്രട്ടേറിയറ്റ് ആണ് നിർബന്ധിത വില്ലേജ് സേവനം നടപ്പാക്കാൻ തീരുമാനിച്ചത്. സർവീസ് സംഘടനകളുമായി ചർച്ചയും നടത്തി.



ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള കരട് ലാൻഡ് റവന്യു കമ്മിഷണർ തയാറാക്കിയെങ്കിലും നടപടികൾ നീളുന്ന സാഹചര്യത്തിൽ അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവിറക്കാൻ സർക്കാർ അനുമതി നൽകിയത്. ചട്ടങ്ങളിൽ ഭേദഗതി വരുത്തി പ്രത്യേക വിജ്ഞാപനം പിന്നീട് ഇറങ്ങും.