29 March 2024 Friday

തെരുവുനായ്ക്കളുടെ വന്ധ്യംകരണം: തുടർ നടപടി വൈകുന്നു

ckmnews

തെരുവുനായ്ക്കളുടെ വന്ധ്യംകരണം: തുടർ നടപടി വൈകുന്നു


മലപ്പുറം:തെരുവുനായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ഉൾപ്പെടെ അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കുന്നതിനുള്ള നിർവഹണ ഏജൻസിയായി ജില്ലാ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായെങ്കിലും തുടർനടപടി വൈകുന്നു.നഗരസഭകൾ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയുക്തമായി എബിസി പദ്ധതി നടപ്പാക്കണമെന്നായിരുന്നു തദ്ദേശഭരണ കോ ഓർഡിനേഷൻ കമ്മിറ്റി യോഗ തീരുമാനം.കോർപറേഷനുകൾക്ക് സ്വന്തം ചെലവിൽ പദ്ധതി നടപ്പാക്കാം. 15–ാം ധനകാര്യ കമ്മിഷൻ ബേസിക് ഗ്രാന്റ്, തനത് ഫണ്ട് വിഹിതം എന്നിവ പദ്ധതിക്കായി ഉപയോഗിക്കാം.     പദ്ധതി നടപ്പിലാക്കാനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്തിനു കൈമാറണം. 


വളർത്തുനായ്ക്കൾക്കു നിർബന്ധമായും പേവിഷ പ്രതിരോധ വാക്സീൻ എടുക്കണം. ഇതു മൃഗാശുപത്രികൾ വഴി സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നും രണ്ടു ബ്ലോക്കുകൾക്ക് ഒരെണ്ണം എന്ന നിലയിൽ നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാനുള്ള ഓപ്പറേഷൻ തിയറ്റർ, താമസിപ്പിക്കാനുള്ള ഷെൽട്ടർ തുടങ്ങിയവ ഒരുക്കണമെന്നും ബ്ലോക്ക്  പഞ്ചായത്തുകൾ സമീപത്തെ നഗരസഭകളിലെ നായ്ക്കളെയും വന്ധ്യംകരിക്കണമെന്നും യോഗത്തിൽ തീരുമാനമായിരുന്നു.