20 April 2024 Saturday

മലപ്പുറം വള്ളുവമ്പ്രം പിഞ്ചുകുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്

ckmnews

മലപ്പുറം: അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധവശാല്‍ കൈവിരല്‍ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് ഒടുവില്‍ രക്ഷകരായത് മലപ്പുറം അഗ്‌നിരക്ഷാ സേന. ബുധനാഴ്ച രാവിലെ  പത്തര മണിയോടെയാണ് സംഭവം. 


വള്ളുവമ്പ്രം അത്താണിക്കല്‍ നെച്ചിയില്‍ വീട്ടില്‍ അബ്ബാസലി  വഹീദ ദമ്പതികളുടെ രണ്ട് വയസ്സ് പ്രായമുള്ള ശയാന്‍ മാലിക്കിന്റെ ഇടത് കയ്യിലെ തള്ളവിരലിലാണ് ഇഡ്ഡലി തട്ട് കുടുങ്ങിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയ രക്ഷിതാക്കളാണ് ഇഡ്ഡലി തട്ട് കുടുങ്ങിയ വിവരമറിയുന്നത്. 


വീട്ടുകാര്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അസഹ്യമായ വേദനമൂലം കുട്ടിയുടെ കരച്ചില്‍ കാരണം തട്ട് വേര്‍പെടുത്താൻ ആവാത്തതിനാല്‍ മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് കുട്ടിയെയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങള്‍ മിനി ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടര്‍ എന്നിവ ഉപയോഗിച്ച് അല്‍പാല്‍പ്പമായി ഇഡ്ഡലി തട്ട് മുറിച്ചെടുത്തു. 


ഇടയ്ക്കിടെ വേദന കൊണ്ട്  കരയുന്ന കുഞ്ഞിനെ സാന്ത്വനിപ്പിച്ച് പാത്രം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നു.  അര മണിക്കൂറോളം നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് കുഞ്ഞിന് യാതൊരു പരിക്കുമില്ലാതെ പാത്രം പൂര്‍ണമായും മുറിച്ചു മാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.