24 April 2024 Wednesday

തോണി തുഴഞ്ഞും നീന്തിയും വേണം തുറുവാണം ദ്വീപുകാർക്ക് കരപറ്റാൻ

ckmnews

തോണി തുഴഞ്ഞും നീന്തിയും വേണം തുറുവാണം ദ്വീപുകാർക്ക് കരപറ്റാൻ


എരമംഗലം : ഈ മഴക്കാലവും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തുറുവാണംദ്വീപുകാർക്ക് ഭീതിയുടെനാളുകൾ തന്നെ. തോണിതുഴഞ്ഞോ മലവെള്ളത്തിൽ നീന്തിയോവേണം ഈ നാട്ടുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ.

170 വീടുകളിലായി ആയിരത്തോളംവരുന്ന തുറുവാണംദ്വീപിന് ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിന് ഏകമാർഗമാണ് പൊന്നാനി കോൾപടവിലൂടെയുള്ള ബണ്ട് റോഡ്. മഴക്കാലത്ത് കോൾപാടം നിറയുന്നതോടെ തുറുവാണംദ്വീപ് റോഡും വെള്ളത്തിൽ മുങ്ങും. പാടവും റോഡും തിരിച്ചറിയാൻ സാധിക്കാത്തവിധം വെള്ളം ഉയരുന്നതോടെ ഇരുചക്രവാഹങ്ങൾക്കുപോലും റോഡിലൂടെ യാത്ര ചെയ്യാനാവില്ല.

പിന്നീട് തോണി മാർഗമാണ് തുറുവാണംദ്വീപുകാരുടെ യാത്ര. പകൽ ആറുമുതൽ 6.30 വരെയാണ് തോണി സർവീസ്. രാത്രിയിൽ ഗർഭണികൾ, രോഗികൾ ഉൾപ്പെടെയുള്ള ദ്വീപ് നിവാസികൾക്ക് രാത്രിയിൽ ആശുപത്രിലെത്താൻ പകൽവരെ കാത്തിരിക്കുകയല്ലാതെ മറ്റുമാർഗങ്ങളില്ല.

സ്‌പീക്കർ പി. ശ്രീരാമകൃണ്ഷന്റെ ആസ്‌തി വികസനഫണ്ടിൽനിന്ന് 70 ലക്ഷം രൂപ ചെലവിട്ട് ബണ്ട് റോഡ് ഉയർത്തിയിരുന്നെങ്കിലും കഴിഞ്ഞ മഴക്കെടുതിയിൽ റോഡ് തകർന്നു.

ശാസ്‌ത്രീയപഠനം നടത്താതെയാണ് റോഡ് നിർമിച്ചതെന്ന ആക്ഷേപം ദ്വീപ് നിവാസികൾ ഉയർത്തിയിരുന്നു. നിലവിൽ എട്ടുകോടി രൂപ ചെലവിട്ട് നിലവിലെ ബണ്ട് റോഡിണ് മധ്യത്തിൽ പാലം നിർമിച്ചുകൊണ്ടുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങുമെത്തിയിട്ടില്ല. പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിവരുന്നതായാണ് അധികൃതർ പറയുന്നത്.

                               

                             ഫാറൂഖ്‌വെളിയങ്കോട്‌