കുട്ടിയെ തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധു; കടം വാങ്ങിയ 10 ലക്ഷം നല്‍കിയില്ല

കുട്ടിയെ തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധു; കടം വാങ്ങിയ 10 ലക്ഷം നല്‍കിയില്ല
കൊല്ലം:കൊട്ടിയത്ത് 14 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷൻ സംഘം. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നൽകാത്തതിനാൽ ബന്ധുവിന്റെ മകനാണ് ക്വട്ടേഷൻ നൽകിയതെന്നു പൊലീസ് പറഞ്ഞു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്താണ് മകൻ പഠിക്കുന്നത്. കുട്ടിയെ മാർത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ലക്ഷ്യം. ഒരു ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്തത്.
ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. സംഘം സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ സംഘം റാഞ്ചിയത്. മാതാപിതാക്കളില്ലാത്ത സമയത്താണ് ഇവർ എത്തിയത്. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ പാറശാല കോഴിവിളക്കു സമീപം സംഘത്തെ തടഞ്ഞ്, അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
പൊലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചിരുന്നു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചാണ് പിന്നീട് പോയത്. ഓട്ടോയിൽ ആഷിക്കും ബിജുവും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. ഓട്ടോ തടഞ്ഞാണ് പൊലീസ് കുട്ടിയെ മോചിപ്പിച്ചത്.