25 April 2024 Thursday

പൊലീസുകാരുടെ ഡ്യൂട്ടി വിഭജിക്കുന്നത് പഠിക്കാൻ കമ്മിറ്റി: ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

ckmnews



തിരുവനന്തപുരം:കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി വിഭജിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചു. സ്റ്റേഷനിലെ എസ്എച്ച്ഒ, എസ്ഐ,സീനിയർ സിവിൽ പൊലീസ് ഓഫിസർ, സിവിൽ പൊലീസ് ഓഫിസർ എന്നിവരുടെ ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതിനാണ് കമ്മിറ്റി.


സ്റ്റേറ്റ് സ്റ്റാഫ് കൗൺസിൽ മീറ്റിങ്ങിലാണ് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഈ ആവശ്യം ഉയർത്തിയത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയാണ് കമ്മിറ്റി ചെയർമാൻ. ഒരു മാസത്തിനകം ഡിജിപിക്കു റിപ്പോർട്ട് സമർപ്പിക്കണം.


മിക്ക പൊലീസ് സ്റ്റേഷനുകളിലും ചുമതലകൾ കൃത്യമായി വീതിച്ചു നൽകാത്ത സാചചര്യമുണ്ട്. കേസന്വേഷണവും ക്രമസമാധാനപാലനവും ഉദ്യോഗസ്ഥർ‌ക്ക് ഒരേ സമയം ചെയ്യേണ്ടിവരുന്നു. ചുമതലകൾ സ്വമേധയാ ഏറ്റെടുക്കുന്ന ഉദ്യോഗസ്ഥരും ചുമതലകളിൽനിന്ന് ഒഴിഞ്ഞു മാറുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇതിനാൽ ചില ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്ന അവസ്ഥയാണ്.


ഇതൊഴിവാക്കി പ്രഫഷനലിസം കൊണ്ടുവരുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചത്. തൃശൂർ റേഞ്ച് ഐജി പുട്ട വിമലാദിത്യ, കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ, ഹെഡ് ക്വാർട്ടേഴ്സ് എഎഐജി ടി.നാരായണൻ, മലപ്പുറം എസ്പി സുജിത് ദാസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി ജോസി ചെറിയാൻ, ആലപ്പുഴ അഡി.എസ്പി.അജിത് ആര്‍.ഡി. എന്നിവരാണ് സംഘത്തിലുള്ളത്.