24 April 2024 Wednesday

തിരുവോണക്കാഴ്ച തിയേറ്ററിൽ; മൂന്നു മലയാള ചിത്രങ്ങൾ റിലീസ്

ckmnews

ഓണച്ചിത്രങ്ങൾ എന്ന കീഴ് വഴക്കം മലയാള സിനിമയിൽ ആരംഭിച്ചിട്ട് വളരെ വർഷങ്ങളായി. ഓണാവധി ചിലവിടുന്ന കുട്ടികളുമായി കുടുംബ പ്രേക്ഷകർ ടിക്കറ്റ് എടുക്കുന്ന ഈ കാലം മികച്ച ബോക്സ് ഓഫീസ് കളക്ഷന്റെ നാളുകൾ കൂടി സമ്മാനിക്കുന്നു. ഇത്രയും നാൾ ഓണം റിലീസ് എന്നാൽ, തിരുവോണത്തിന് റിലീസ് ചെയ്യുന്ന പടം എന്നല്ലായിരുന്നു. അതിനു മുൻപോ ശേഷമോ സിനിമകൾ തിയേറ്ററിലെത്തിയിരുന്നു. ഇക്കുറി പുതിയ പതിവിന് തുടക്കമെന്നോണം, തിരുവോണ നാളിൽ മൂന്നു സിനിമകൾ റിലീസ് ചെയ്യുകയാണ്

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി, ജാക്കി ഷ്‌റോഫ് എന്നീ പേരുകളുടെ പിന്ബലവുമായി സ്‌ക്രീനിൽ എത്തുന്ന ചിത്രമാണ് മലയാളം- തമിഴ് ഭാഷകളിൽ പുറത്തുവരുന്ന 'ഒറ്റ്' അഥവാ 'രണ്ടഗം'. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ ഡ്രാമയായി കണ്ടിരിക്കാം. ഈഷ റബ്ബയാണ് ചിത്രത്തിലെ നായിക

തിരുവിതാംകൂറിന്റെ സമരനായകൻ ആറാട്ടുപുഴ വേലായുധപണിക്കരുടെ കാലം വരയ്ക്കുന്ന വിനയനറെ 'പത്തൊൻപതാം നൂറ്റാണ്ട്' വൻ താരനിരയുമായി തിയേറ്ററിലെത്തുന്നു. സിജു വിത്സൺ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കയാദു ലോഹർ ആണ് സിനിമയിലെ നായിക

ബിജു മേനോൻ നായകനായ 'ഒരു തെക്കൻ തല്ല് കേസ്' നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്നു. പത്മപ്രിയ നായികയായ സിനിമയിൽ നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ മറ്റു പ്രധാനവേഷങ്ങൾ ചെയ്യുന്നു. ജി.ആർ. ഇന്ദുഗോപന്റെ രചനയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്