16 April 2024 Tuesday

കവിയും നാടക സിനിമാ ഗാനരചയിതാവുമായ ചുനക്കരരാമന്‍കുട്ടി അന്തരിച്ചു

ckmnews

കവിയും നാടക, സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്നു. ചുനക്കര കാര്യാട്ടില്‍ കുടുംബാംഗമാണ്. സംസ്കാരം ഇന്ന്.


ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ), പി.ടി.സജി ( മുംബൈ റെയില്‍വേ ), കെ.എസ്. ശ്രീകുമാര്‍ (സിഐഎഫ്ടി). ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര രാമന്‍കുട്ടി പ്രശസ്തനായത്.

 75 സിനിമകളില്‍ ഇരൂന്നൂറിലേറെ പാട്ടുകള്‍ക്ക് വരികളെഴുതിയാണ് ചുനക്കര രാമന്‍കുട്ടി മലയാളി ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. നാടക ഗാനങ്ങളില്‍ നിന്ന് തുടങ്ങിയ ചുനക്കര നിരവധി സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ പങ്കാളിയായി. മലയാളി മനസില്‍ എന്നും പൂത്തുലഞ്ഞ് നില്‍ക്കുന്ന വരികള്‍. ദേവീ നിന്‍ രൂപം, സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. 1984ല്‍ വിവിധ സിനിമകള്‍ക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്.

  2004ല്‍ അഗ്നിസന്ധ്യ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.2015ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു