19 April 2024 Friday

മലപ്പുറം കാളികാവില്‍ വിളവെടുക്കാനിരിക്കെ കുളത്തില്‍ വിഷം കലക്കി അജ്ഞാതർ, അഞ്ചു ടണ്ണോളം മീനുകള്‍ ചത്തൊടുങ്ങി

ckmnews

മലപ്പുറം: മത്സ്യ ക്യഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നതായി പരാതി. കാളികാവിലാണ് വിളവെടുപ്പിന് സമയമായിരിക്കെ മത്സ്യ ക്യഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നത്. കാളികാവ് പൂങ്ങോട് ചെറൂത്ത് പാറച്ചോലയിലാണ് സംഭവം. തുപ്പിനിക്കാടന്‍ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ അഞ്ചു ടണ്ണോളം മീനുകള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മത്സ്യ കൃഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നൊടുക്കിയത്.


വാള , സിലോപ്പി തുടങ്ങിയ എട്ടു കിലോയോളം തൂക്കമുളളതടക്കമുള്ള വലിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. സാമൂഹ്യ വിരുദ്ധരാണെന്ന് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കബീര്‍ പൊലീസിനോട് പരാതിപ്പെട്ടു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.