28 March 2024 Thursday

ചോദിക്കാതെയും പറയാതെയും ഒന്നും വേണ്ട മൊബൈൽ കമ്പനികൾക്ക് കേന്ദ്രത്തിന്റെ കരട് മാർഗരേഖ

ckmnews

‘ചോദിക്കാതെയും പറയാതെയും ഒന്നും വേണ്ട


മൊബൈൽ കമ്പനികൾക്ക് കേന്ദ്രത്തിന്റെ കരട് മാർഗരേഖ


ന്യൂഡൽഹി:പുതിയ മൊബൈൽ ഫോണിൽ ഉപയോക്താവിന്റെ അനുമതിയില്ലാതെ അത്യാവശ്യമില്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നതടക്കമുള്ള നിർദേശങ്ങളുമായി കേന്ദ്ര ഐടി മന്ത്രാലയം കരട് മാർഗരേഖ പുറത്തിറക്കി. പ്രാബല്യത്തിൽ വന്നാൽ പുതിയ ഫോൺ വാങ്ങുമ്പോൾ കോളിങ്, മെസേജിങ്, ഗാലറി പോലെയുള്ള അടിസ്ഥാന ആപ്പുകൾ മാത്രമേയുണ്ടാകൂ. നിലവിൽ പുതിയ ഫോണുകൾക്കൊപ്പം പല കമ്പനികളും ഒട്ടേറെ ആപ്പുകൾ മുൻകൂറായി ഇൻസ്റ്റാൾ ചെയ്തു നൽകാറുണ്ട്. ഉപയോക്താവിനു നീക്കം ചെയ്യാൻ കഴിയാത്തതും സ്വയം അപ്ഡേറ്റ് ചെയ്യുന്നതുമാണ് ഇവയിലേറെയും. ആപ് ഡവലപ്പർമാർ ഇതിനായി മൊബൈൽ നിർമാതാക്കൾക്ക് പണം നൽകാറുമുണ്ട്. 


ഫോണിലൂടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ ഉപയോക്താവിനു അറിയിപ്പ് (നോട്ടിസ്) നൽകണമെന്നും പുതിയ കരട് മാർഗരേഖയിൽ വ്യവസ്ഥയുണ്ട്. വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുമ്പോൾ അനുമതി തേടിയിരിക്കണം. വിവരം ശേഖരിക്കുന്നതിന്റെ ലക്ഷ്യം, രാജ്യത്തിനു പുറത്തേക്ക് ഡേറ്റ അയയ്ക്കുമോ എന്ന കാര്യങ്ങളും വ്യക്തമാക്കണം. 


∙ അംഗീകൃത ആപ് സ്റ്റോറുകളിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഫോണിലെ സുരക്ഷാസംവിധാനം തടയണം. (നിലവിൽ ഇത് അനുവദനീയമാണ്)


∙ ആപ്പുകളുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം ഗൂഗിൾ പ്ലേ പോലെയുള്ള ആപ് സ്റ്റോറുകൾക്ക്


∙ആപ് സ്റ്റോറുകൾക്ക് ഇന്ത്യയിൽ കമ്പനി റജിസ്ട്രേഷനുണ്ടായിരിക്കണം. നോഡൽ ഓഫിസറും പരാതിപരിഹാര സംവിധാനവുമുണ്ടായിരിക്കണം. 


∙ ഇന്ത്യൻ ഉപയോക്താക്കൾക്കുള്ള ആപ് ആണെങ്കിൽ ഡവലപ്പർമാർക്കും ഇന്ത്യൻ റജിസ്ട്രേഷൻ വേണം. രാജ്യാന്തര ആപ് എങ്കിൽ ഉപയോക്താവ് സ്വന്തം ഉത്തരവാദിത്തത്തിൽ ഉപയോഗിക്കണം.


∙ ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള മൊബൈൽ ക്ലൗഡ് സേവനത്തിന് ഇന്ത്യയിലെ സെർവറുകൾ ഉപയോഗിക്കണം.


∙ ഫോൺ സോഫ്റ്റ്‍വെയർ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ആപ് ഡവലപ്പർമാരെ അനുവദിക്കുന്ന ‘ഡവലപ്പർ മോഡ്’ ഇതിനു വേണ്ടി മാത്രമുള്ള സാംപിൾ ഫോണുകളിലേ ലഭ്യമാക്കാവൂ.