23 April 2024 Tuesday

മാറഞ്ചേരി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണക്കോടി:ഒരു കോടി

ckmnews

മാറഞ്ചേരി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണക്കോടി:ഒരു കോടി


സ്ഥലപരിമിതികളാൽ ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സ്ഥലമേറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണ സമ്മാനം ഒരു കോടി രൂപ.സ്കൂൾ സന്ദർശിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മയിൽ മൂത്തേടമാണ് പത്രസമ്മേളനത്തിൽ തുക പ്രഖ്യാപിച്ചത്.പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻ്ററി വരെ നാലായിരത്തോളം വിദ്യാർത്ഥികളും നൂറ്റി അൻപതോളം അധ്യാപകരും ജീവനക്കാരും കേവലം ഒരേക്കർ ഇരുപത്തിയേഴ് സെൻ്റ് സ്ഥലത്താണ് ഏറെ പ്രയാസത്തോടെ കഴിഞ്ഞ് കൂടുന്നത്. ഇത് പരിഹരിക്കാനായി നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതി രൂപീകരിക്കുകയും പൊതുജനങ്ങളിൽ നിന്നും സംഭാവന സമാഹരിച്ച് സ്കൂളിനോട് ചേർന്നുള്ള ഒരേക്കറിലധികം വരുന്ന സ്ഥലം നാൽപത് ലക്ഷം രൂപ അഡ്വാൻസ് നൽകി കച്ചവടം ഉറപ്പിക്കുകയും ചെയ്തിരുന്നു.പദ്ധതിയിലേക്ക് എം.എൽ.എ പി.നന്ദകുമാർ ഒരു കോടി രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നു.വാർത്താ സമ്മേളനത്തിൽ പെരുമ്പടപ്പ് ബേളാക്ക് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഏ.കെ.സുബൈർ, വി.കെ.എം.ഷാഫി ,വികസന സമിതി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിജിൽ മുക്കാല, അഡ്വ.കെ.എ.ബക്കർ എന്നിവരും ഷാനവാസ് വട്ടത്തൂർ, പ്രോജക്ട് കോഡിനേറ്റർ സി.വി.ഇബ്രാഹിം ,പി.ടി.എ.പ്രസിഡൻ്റ് അബ്ദുറഹിമാൻ പോക്കർ, എം.ടി.എ പ്രസിഡൻ്റ് ഖദീജ മൂത്തേടത്ത്, പ്രിൻസിപ്പൽ സി.എം.രമാദേവി, ഹെഡ്മിസ്ട്രസ് ഏ.കെ. സരസ്വതി, യൂസുഫ് മാസ്റ്റർ,എ.അബ്ദുൽ ലത്തീഫ്, ഐ.പി.അബ്ദുള്ള, റഷീദ് കാഞ്ഞിരമുക്ക്, പി.ടി.എ അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ, അലുംനി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.