20 April 2024 Saturday

സോപാനം വാദ്യോൽസവത്തിന് ഇന്ന് കൊടിയേറ്റം:വേദിയൊരുങ്ങി

ckmnews

സോപാനം വാദ്യോൽസവത്തിന് ഇന്ന് കൊടിയേറ്റം:വേദിയൊരുങ്ങി


കുറ്റിപ്പുറം: ജനമനസുകളെ പതിറ്റാണ്ടുകൾ പിറകിലേക്ക് സഞ്ചരിപ്പിച്ച് ഗൃഹാതുരതയുടെ ഓർമകളുണർത്തിക്കുന്ന നാടൻ പശ്ചാത്തലം പുനർജനിപ്പിച്ച വേദിയിൽ സോപാനം വാദ്യോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും.നിളയുടെ സൗന്ദര്യം ഏറ്റവുമധികം ദൃശ്യമാകുന്ന കുറ്റിപ്പുറം പാലത്തിന് സമീപമുള്ള മിനിപമ്പയിലെ തുറന്ന ഓഡിറ്റോറിയത്തിലാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കൂടി സഹകരണത്തോടെയുള്ള വാദ്യോത്സവത്തിന് വെള്ളിയാഴ്ച നാലിന് കൊടിയേറുക.

കുരുത്തോല, പനയോല, തെങ്ങോല, ഈന്തിൻപട്ട, തിത്തേരിക്കുട, കൊടിക്കൂറ തുടങ്ങി നാലു പതിറ്റാണ്ടു മുൻപുള്ള കേരളീയ ഗ്രാമത്തിലെ ഉത്സവപ്പറമ്പിനെ അനുസ്മരിപ്പിക്കും വിധമുള്ള വേദിയിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവുമവതരിപ്പിക്കുന്ന പാണ്ടിമേളത്തോടെ നാലു മണിക്ക് താള വിസ്മയങ്ങളുടെ ജനകീയ മഹോത്സവത്തിന് തുടക്കമാകും.മണ്ണുകൊണ്ട് പമ്പരാഗത ശൈലിയിൽ അലങ്കരിച്ച വേദിയിൽ തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മട്ടന്നൂർശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യുമ്പോൾ പി.എം.മനോജ് എമ്പ്രാന്തിരി, സി.ഹരിദാസ്, ശിവദാസ് ഭായ് കൊൽക്കത്ത, പി. വിപിൻചന്ദ്ര(ഡി.ടി.പി.സി.) തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതിരാകും. പുള്ളുവൻപാട്ട്, കുഴൽപറ്റ്, ഫ്യൂഷൻ മ്യൂസിക് എന്നിവയാണ് ആദ്യദിവസത്തെ മറ്റു പരിപാടികൾ.സെമിനാറിന് ശേഷം രണ്ടാം ദിവസം നടക്കുന്ന സമ്മേളനത്തിൽ പി.നന്ദകുമാർ എം.എൽ.എ,ഡോ.അനിൽവള്ളത്തോൾ, എം.ആർ.മുരളി,കെ.കെ.ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും. ഇടയ്ക്ക വിസ്മയം, ഇരട്ട തിമില തായമ്പക, ലയവിന്യാസം, ഇരട്ട കേളി, ചീനിമുട്ട്,മോഹിനിയാട്ട-സോപാനസംഗീത സമന്വയം എന്നിവ ശനി, ഞായർ ദിവസങ്ങളിൽ നടക്കും.സമാപന സമ്മേളനത്തിൽ കെ.ടി.ജലീൽ എം.എൽ.എ., ആബിദ് ഹുസൈൻ തങ്ങൾ, എം.എൽ.എ., ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങി പ്രമുഖർ പങ്കെടുക്കും.