20 April 2024 Saturday

വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി; പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

ckmnews

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും. 


വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ്  ഹൈക്കോടതിയെ അറയിച്ചിരുന്നു. സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും ഹർജിക്കാർ വാദിച്ചു. സമരത്തിന്‍റെ പേരിൽ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു.