25 April 2024 Thursday

മഴ, : തീവണ്ടികള്‍ വൈകിയോടുന്നു, ചില സര്‍വീസുകള്‍ റദ്ദാക്കി : മലമ്പുഴ ഡാം തുറന്നു

ckmnews

പാലക്കാട്∙ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാവിലെ 9നാണ് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നത്.  മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 45 ദിവത്തിനിടെ മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം  വ്യാപകമായ മഴക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക്  മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് ഇത്. തമിഴ്നാട് മുതൽ പടിഞ്ഞാറൻ വിദർഭ വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. കേരള– ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി. 55 കി.മീ. വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.


കെഎസ്ഇബിയുടെ ഇടമലയാർ, കക്കി, ബാണാസുരസാഗർ, ഷോളയാർ, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളി‍ൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങ‍ൽക്കുത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിലും ‍കുറ്റ്യാടി‍യിലും ബ്ലൂ അല‍ർട്ടുമാണ്.


യെലോ അലർട്ട്


∙ ഇന്നും നാളെയും– എല്ലാ ജില്ലകളിലും


∙ വെള്ളിയാഴ്ച : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട്


∙ ശനിയാഴ്ച: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം