19 April 2024 Friday

12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്ന് കേന്ദ്രം

ckmnews

ദില്ലി: രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള  ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയായ ഇന്ത്യയിൽ നിന്നും വില കുറഞ്ഞ ചൈനീസ് ഫോണുകൾ നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.


ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ ചൈനീസ് മൊബൈൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന 12,000 രൂപയിൽ താഴെയുള്ള ഹാൻഡ്‌സെറ്റുകളുടെ വിൽപ്പന നിരോധിക്കാൻ നിർദ്ദേശമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 


രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായത്തിൽ ഇന്ത്യൻ കമ്പനികളുടെ മേൽകൈ വർദ്ധിപ്പിക്കും. എന്നാൽ വിദേശ ബ്രാൻഡുകളെ ഒഴിവാക്കുക എന്നല്ല ഇതിനർത്ഥമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി പറഞ്ഞു. 


2025-26 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനവും 120 ബില്യൺ ഡോളറിന്റെ കയറ്റുമതിയും കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ ഉൽപ്പാദനം ഏകദേശം 76 ബില്യൺ യുഎസ് ഡോളറാണ്. അതായത് നാല് മടങ്ങ് വർധനവാണ് ലക്ഷ്യം.