24 April 2024 Wednesday

ആരോഗ്യമന്ത്രിക്ക് സഭയില്‍; മുഖ്യമന്ത്രിയുടെ തിരുത്തും സ്പീക്കറുടെ താക്കീതും

ckmnews

തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്ത് നിയസമഭാ സ്പീക്കർ. സഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് ആരോഗ്യമന്ത്രിക്ക് സ്പീക്കര്‍ എം.ബി.രാജേഷ് നിർദേശം നൽകി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പിപിഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഒരേ ഉത്തരം നല്‍കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ് മന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസ് എംഎൽഎ എ.പി.അനില്‍കുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ ഇടപെടല്‍.


അതേസമയം, പേവിഷ വാക്സീന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി പിണറായ വിജയൻ ഇടപെട്ടു. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്.


മരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പേവിഷ വാക്സീന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്ന് ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു. രണ്ട് ഇന്‍–ഹൗസ് ടെസ്റ്റും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനദണ്ഡമനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കിയാണ് വാക്സീന്‍ വാങ്ങുന്നത്. 50,000 വയല്‍ വാക്സീന്‍ പിന്‍വലിച്ചെന്ന ആക്ഷേപം ശരിയല്ല. പരാതി വന്നപ്പോള്‍ പരിശോധനയ്ക്കയച്ച് പ്രശ്നമില്ലെന്ന് കണ്ടെത്തുകയാണ് ചെയ്തതെന്നും മന്ത്രി അവകാശപ്പെട്ടു.


ഗുണനിലവാരം നോക്കാതെ വാക്സീന്‍ വിതരണം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരനടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.