23 March 2023 Thursday

റോഡ് അരികില്‍ കവറിൽ പൊതിഞ്ഞ നിലയിലുള്ള രണ്ട് തലയോട്ടികൾ കണ്ടെത്തി

ckmnews

കൊല്ലം:  ശക്തികുളങ്ങരയിലാണ് ശുചീകരണ തൊഴിലാളികള്‍ റോഡ് അരികില്‍ നിന്നും കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്. പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം നടന്നത്.

തലയോട്ടികളാണ് കവറിലെന്ന് മനസിലാക്കിയതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി. 

തലയോട്ടികൾ കണ്ടെത്തിയ കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

കൂടുതൽ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച ശേഷം. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്നാണ് വിവരം.