24 April 2024 Wednesday

രാത്രി വീട് കുത്തിത്തുറന്ന് 40 പവനും 25000 രൂപയും കവർന്നു മോഷ്ടാവിനെ തേടിയ പൊലീസ് നായ കണ്ടെത്തിയത് വാറ്റുകേന്ദ്രം

ckmnews

രാത്രി വീട് കുത്തിത്തുറന്ന് 40 പവനും 25000 രൂപയും കവർന്നു


മോഷ്ടാവിനെ തേടിയ പൊലീസ് നായ കണ്ടെത്തിയത് വാറ്റുകേന്ദ്രം


കൊടകര:വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ  വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ്  40 പവനും 25,000 രൂപയും കവർന്നു. ആളൂർ ചങ്ങല ഗേറ്റിന് സമീപം  വടക്കേപ്പീടിക ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.ജോയിയും ഭാര്യ നിമിതയും ഉറങ്ങിക്കിടന്നിരുന്ന  മുറിയിലെ അലമാരയിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായത്.  മുൻവശത്തെ ജനൽ പാളി ഇരുമ്പുകമ്പി ഉപയോഗിച്ചു തുറന്ന ശേഷം കയ്യിട്ട് വാതിലിന്റെ അകത്തെ കുറ്റി തുറന്നാണു മോഷ്ടാവ് അകത്തു കടന്നത്.


രാത്രി പന്ത്രണ്ടോടെയാണ് ജോയിയും നിമിതയും ഉറങ്ങാൻ കിടന്നത്. പുലർച്ചെ രണ്ടിനുള്ളിൽ മോഷണം നടന്നതായാണു പൊലീസ് നൽകുന്ന സൂചന. നിമിതയുടെ 35 പവനും മക്കൾക്ക് വാങ്ങിയതും ബന്ധുക്കൾ സമ്മാനം നൽകിയതുമായി  5 പവനോളം സ്വർണാഭരണങ്ങളുമാണ് അലമാരയിൽ ഉണ്ടായിരുന്നത്. . ഈ അലമാര പൂട്ടിയിരുന്നെങ്കിലും താക്കോൽ ഊരിമാറ്റിയിരുന്നില്ല.



ജനൽ കുത്തിത്തുറന്നതിന്റെ പാടുകൾ ഒഴികെ ഒരു അടയാളങ്ങളും അവശേഷിപ്പിക്കാതെയായിരുന്നു  മോഷണം. രാവിലെ  സ്ഥലത്തെത്തിയ പൊലീസ് നായ  മണം പിടിച്ച്  200 മീറ്റർ അകലെ ചങ്ങലച്ചിറ കുളത്തിന് സമീപമുള്ള ഫാമിനുള്ളിലെത്തി മടങ്ങി. വിരലടയാള വിദഗ്ധൻ കെ.കെ.ശ്രീജിത്ത്, എഎസ്ഐ ടി.സി. ഷാജൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.


മോഷണം നടത്തിയ കേസിൽ അന്വേഷണത്തിനു കൊണ്ടുവന്ന പൊലീസ് നായ മണംപിടിച്ച് പോകുന്നതിനിടെ ചാരായ വാറ്റുകേന്ദ്രവും കണ്ടെത്തി. വീടിന്റെ പിന്നിലൂടെ 200 മീറ്റർ ദുരെയുള്ള ചങ്ങലച്ചിറ കുളത്തിന് സമീപത്തെ വിജനമായ  ഷെഡിലാണ് നായ എത്തിയത്. എട്ട് ഏക്കറോളം വരുന്ന പാടം നികത്തി പേര, മാവ് എന്നിവ കൃഷി ചെയ്തിരിക്കുന്ന സ്ഥലത്തുള്ള ഷെഡിലെത്തിയ പൊലീസ് കണ്ടത് 20 ലീറ്റർ ചാരായവും കന്നാസുകളിൽ വാഷും.


ഒരുവർഷമായി സ്ഥലം സൂക്ഷിപ്പുകാരനായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ബിജുകുമാറാണ് ഷെഡിനകത്ത് താമസിച്ചിരുന്നത്.പൊലീസ് ബിജു കുമാറിനെ ചോദ്യം ചെയ്‌തെങ്കിലും മദ്യ ലഹരിയിലായിരുന്നു. ഇയാൾ  പൊലീസിന്റെ കണ്ണുവെട്ടിച്ച് ഷെഡിന്റെ  പിൻവാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ആളൂർ സ്റ്റേഷൻ എസ്എച്ച്ഒ എം.ബി.സിബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും  പിടികൂടാനായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.