25 April 2024 Thursday

വടക്കൻ കേരളത്തിൽ മഴ ശക്തം, കണ്ണൂരും കോഴിക്കോടും മലപ്പുറത്തും മലവെള്ളപ്പാച്ചിൽ;

ckmnews

കണ്ണൂർ: വടക്കൻ കേരളത്തിൽ മഴ ശക്തം. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ  നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സൂചന. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചതെന്നതിനാൽ പ്രദേശവാസികൾ ജാഗ്രതയിലാണ്.


മലവെള്ളപ്പാച്ചിൽ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുൾപൊട്ടിയതായി സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. 


മലപ്പുറത്തും കരുവാരകുണ്ടിൽ മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുള്ളത്. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകി.