19 April 2024 Friday

കളര്‍ പെൻസിൽ വിഴുങ്ങിയ 6 വയസ്സുകാരന് ശ്വാസം നൽകി അധ്യാപകര്‍, അവസരോചിത ഇടപെടലിൽ പുതുജീവൻ

ckmnews

മലപ്പുറം: കളറിങ് പെന്‍സില്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ചുമച്ച് അവശനായ വിദ്യാര്‍ഥിയെ രക്ഷിച്ചത് അധ്യാപകരുടെ ഇടപെടൽ. ആശുപത്രിയിലെത്തിക്കും വരെ കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയുമുള്ള അധ്യാപകരുടെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് പുതുജീവൻ നൽകിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ വയറ്റില്‍നിന്ന് എന്‍ഡോസ്‌കോപ്പി വഴി പെന്‍സില്‍ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്. 


ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ ഷിബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടന്‍ കൃത്രിമശ്വാസം നല്‍കി. 


സ്‌കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തില്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ എ ജിനി, സ്‌കൂള്‍ ജീവനക്കാരന്‍ ടി താരാനാഥ്, ബിനോയ് എന്നിവര്‍ കൃത്രിമശ്വാസം നല്‍കുന്നത് തുടര്‍ന്നു. എന്‍ഡോസ്‌കോപ്പിയിലൂടെ പെന്‍സിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു.