28 March 2024 Thursday

പട്ടാപകൽ വീടു കുത്തിത്തുറന്ന് കവർച്ചാശ്രമം മോഷ്ടാക്കൾ പൊലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടു

ckmnews

പട്ടാപകൽ വീടു കുത്തിത്തുറന്ന് കവർച്ചാശ്രമം


മോഷ്ടാക്കൾ പൊലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടു


തിരുവനന്തപുരം∙പട്ടാപ്പകൽ നഗരമധ്യത്തിലെ വീട് കുത്തിത്തുറന്ന് കവർച്ചയ്ക്കു ശ്രമിച്ച മോഷ്ടാക്കൾ മോഷണശ്രമം തടഞ്ഞ അയൽവാസിയെയും പിന്തുടർന്ന പൊലീസിനെയും തോക്കു ചൂണ്ടി വിറപ്പിച്ച് രക്ഷപ്പെട്ടു.


ഇടപ്പഴിഞ്ഞി സിഎസ്എം നഗറിൽ ഉച്ചയ്ക്കു 12.40ന് ആയിരുന്നു  സംഭവം. മലയിൻകീഴ് ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ആർ.സിന്ധുവിന്റെ അടഞ്ഞു കിടന്ന വീട് കുത്തിത്തുറക്കാനാണ് മുഖം മറച്ച് സ്കൂട്ടറിൽ എത്തിയ രണ്ടു പേർ ശ്രമിച്ചത്. ഗേറ്റ് പൂട്ടിയിട്ടിരുന്ന വീടിന്റെ ഉമ്മറത്ത് അപരിചിതരായ രണ്ടുപേർ നിൽക്കുന്നത് അയൽവാസിയും സിന്ധുവിന്റെ ഡ്രൈവറുമായ പ്രവീൺ ആണ് ആദ്യം കണ്ടത്.



സംശയം തോന്നിയ പ്രവീൺ എന്താണെന്ന് ചോദിച്ച് ഓടിയെത്തിയതും ഒന്നുമില്ലെന്ന് ഹിന്ദിയിൽ മറുപടി നൽകി മോഷ്ടാക്കൾ ഗേറ്റു തുറന്ന് റോഡിലേക്കിറങ്ങി. ഇവർ സ്കൂട്ടർ എടുക്കുന്നതിനിടെ പ്രവീൺ താക്കോൽ ഊരിയെടുത്തു. ഇതോടെ, ഹെൽമറ്റ് ധരിച്ച ആൾ ബാഗിൽ നിന്ന് തോക്ക് എടുത്ത് ചൂണ്ടുകയായിരുന്നു. പ്രവീൺ താക്കോലുമായി ഓടി രക്ഷപ്പെട്ടു. തുടർന്ന് മോഷ്ടാക്കൾ അര കിലോമീറ്ററോളം ദൂരം  സ്കൂട്ടർ വേഗത്തിൽ ഉരുട്ടിക്കൊണ്ടു പോയി. 


ഇവർ വഞ്ചിയൂർ ശ്രീകണ്ഠേശ്വരത്തെ സ്പെയർ പാർട്സ് കടയുടെ മുന്നിൽ എത്തിയപ്പോൾ ബൈക്ക് പട്രോളിങ് സംഘവും സ്ഥലത്തെത്തി. എന്നാൽ അവിടെയും പ്രതികൾ തോക്കു ചൂണ്ടി രക്ഷപ്പെട്ടു. പൊലീസിനെ തോക്കു ചൂണ്ടി രക്ഷപ്പെടുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യം ലഭിച്ചിട്ടുണ്ട്. സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഈ നമ്പർ വാഹനത്തിന്റെ ഉടമ വിദേശത്താണ്. പ്രതികൾ ഉത്തരേന്ത്യക്കാരാണെന്നാണു പ്രാഥമിക നിഗമനം. സ്കൂട്ടർ മോഷ്ടിച്ചതാണെന്നും സംശയമുണ്ട്. ഒരാൾ ഹെൽമറ്റും രണ്ടാമൻ തലയും മുഖവും മറയ്ക്കുന്ന തൊപ്പിയും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.