25 April 2024 Thursday

തലസ്ഥാനത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ചാ ശ്രമം, പൊലീസുകാരനെയും ഭീഷണിപ്പെടുത്തി

ckmnews

തിരുവന്തപുരം : തിരുവനന്തപുരം നഗരത്തിൽ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. ഇടപ്പഴഞ്ഞിയിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. നാട്ടുകാർ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ച പൊലീസുകാരനെയും അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. മഞ്ഞ കളറിലുള്ള ആക്ടീവിലാണ് രണ്ടംഗ സംഘമെത്തിയിരുന്നത്. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ട് പേർ ഇറങ്ങിവരുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


അടച്ചിട്ട വീടിന്റെ വാതിൽ തുറന്ന് മോഷ്ടാക്കൾ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ ലാൽ, ഇവരോട് കാര്യം തിരക്കി. ഇതോടെ സംഘം സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ ലാൽ സംഘത്തിന്റെ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. ഉടനെ സ്കൂട്ടറിന് പിറകിലിരിക്കുകയായിരുന്നയാൾ ബാഗിൽ നിന്നും തോക്ക് പുറത്തെടുക്കുകയായിരുന്നു. ഹിന്ദി സംസാരിക്കുന്നവരാണ് ഇരുവരുമെന്ന് ദൃക്സാക്ഷി അറിയിച്ചു. സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഉടൻ പൊലീസ് സംഘത്തിന് വേണ്ടി നഗരത്തിൽ അലർട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. കുളത്തൂർ സ്വദേശിയുടെ പേരിലാണ് സ്കൂട്ടർ. എന്നാൽ ഇത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് പൊലീസ് കണ്ടെത്തി. ആക്ടീവ ശ്രീകണഠേശ്വരത്ത് വെച്ച് ഒരു പൊലീസുകാരൻ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.