29 March 2024 Friday

സർവകലാശാല ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ തന്നെ; 24ന് അവതരിപ്പിക്കും, ലോകായുക്ത ബില്ല് നാളെ സഭയിൽ

ckmnews

തിരുവനന്തപുരം: സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട്. വിവാദ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. മറ്റന്നാൾ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ലോകായുക്ത ഭേദഗതി ബിൽ നാളെ നിയമസഭയിലെത്തും. നേരത്തെ 26ന് ബിൽ അവതരിപ്പിക്കായിരുന്നു നീക്കം. ഓഗസ്റ്റ് 25, 26, സെപ്തംബർ 2 എന്നീ ദിവസങ്ങളിൽ നിയമസഭ ഉണ്ടാകില്ല. 23, 24 ദിവസങ്ങളിലായി 12 ബില്ലുകൾ അവതരിപ്പിക്കും. ഒരു ദിവസം 6 ബിൽ എന്ന കണക്കിലായിരിക്കും ഇത്. 


ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഗവർണറോട് ഏറ്റുമുട്ടലിന് തന്നെ ഒരുങ്ങുകയാണ് സർക്കാർ. ബില്ലുമായി മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സെർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണറുടെയും യുജിസിയുടേയും സർവകലാശാലയുടേയും നോമിനികൾ മാത്രമുള്ള സമിതിയിൽ പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനി. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങൾ മുന്നോട്ട് വയ്ക്കുന്ന പാനലിൽ നിന്ന് ഗവർണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന്  ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ടുവരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്. പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പം പാസാക്കാം. പക്ഷെ ബില്ലിൽ ഗവർണർ ഒപ്പിടില്ലെന്നുറപ്പ്. സർവകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവർണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. വലിയ പോരിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നത്.