19 April 2024 Friday

പാര്‍ക്കിങ് തര്‍ക്കത്തിന് പിന്നാലെ എക്‌സൈസിന് വിളി; തൃശ്ശൂര്‍ മസാജ് കേന്ദ്രത്തില്‍ എംഡിഎംഎ യും കഞ്ചാവും

ckmnews

തൃശ്ശൂര്‍: തൃശ്ശൂര്‍  നഗരമധ്യത്തിലെ മസാജ് കേന്ദ്രത്തില്‍ എക്സൈസ് പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. കഞ്ചാവും എം.ഡി.എം.എ.യുമാണ് എക്സൈസ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മസാജ് പാര്‍‌ലര്‍  നടത്തിപ്പുകാരായ പുരുഷനും സ്ത്രീയും അറസ്റ്റില്‍. മസാജ് കേന്ദ്രത്തിന് താഴെ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ എക്സൈസിന് ലഭിച്ച ഒരു ഫോണ്‍കോളിനെ തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്.


നഗരത്തിലെ ശങ്കരയ്യ  റോഡിലുള്ള ഡ്രീംസ് യൂണിസെക്‌സ് ബ്യൂട്ടി സലൂണ്‍ എന്ന പേരിലുള്ള മസാജ് കേന്ദ്രത്തില്‍നിന്നാണ് 150 ഗ്രാം കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയത്. മയക്കുമരുന്ന് കൈവശം വച്ചതിന് മസാജ് കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരായ പട്ടാമ്പി സ്വദേശി മാര്‍ക്ക്‌ശേരി അഭിലാഷ്, മൈലിപ്പാടം സ്വദേശിനി അന്തിക്കാടന്‍ വീട്ടില്‍ ആസീന (35) എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍  അഷ്‌റഫും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്