23 April 2024 Tuesday

കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

ckmnews




കരിപ്പൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. അപകടത്തില്‍ ഗുരതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കുകളുളളവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും. 


കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തിയ മന്ത്രി മരിച്ചവരുടെ കുടുംബാഗങ്ങളോട് അനുശോചനവും അറിയിച്ചു. വിമാനത്താവള അധികൃതരും പ്രദേശിക ഭരണകൂടങ്ങളും സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിച്ചു. 


വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ കിട്ടിയത് മന്ത്രി സ്ഥിരീകരിച്ചു. ദുരന്തമുണ്ടായതിന് പിറകെ വെള്ളിയാഴ്ച തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദ്യസംഘം ശനിയാഴ്ച പുലര്‍ച്ചെ 2.00 മണിക്കുതന്നെ ഡല്‍ഹിയില്‍നിന്ന് യാത്ര തിരിച്ചു. രണ്ടാമത്തെ സംഘം അഞ്ചു മണിയോടെ തിരിച്ചു. അവര്‍ അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു. 


വ്യോമസേനയിലെ സേവനകാലത്ത് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ മികച്ച പൈലറ്റായിരുന്നു ക്യാപ്റ്റന്‍ ഡി.വി.സാഠേയെന്ന് മന്ത്രി അനുസ്മരിച്ചു. 59-കാരനായ സാഠേ 2013-ലാണ് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ചേരുന്നത്. 10,848 മണിക്കൂര്‍ ഫ്‌ലൈയിങ് എക്‌സ്പീരിയന്‍സ് ഉള്ള പൈലറ്റായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.