28 March 2024 Thursday

സൂര്യകാന്തി ഫോട്ടോയെടുക്കാൻ മലയാളികളുടെ പ്രവാഹം; നിന്നുതിരിയാൻ സ്ഥലമില്ലാതെ സുന്ദരപാണ്ഡ്യപുരം

ckmnews

തെന്മല: സൂര്യകാന്തിപ്പാടം കാണാൻ ഇത്രയേറെ സഞ്ചാരികൾ എത്തിയ സീസണുണ്ടാവില്ലെന്ന് തമിഴകം ഒന്നടങ്കം പറയുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും സഞ്ചാരികൾക്ക് പൂപ്പാടങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ ശങ്കരൻകോവിൽ ഒഴിച്ചുള്ള മറ്റുസ്ഥലങ്ങളിൽ സൂര്യകാന്തികൃഷി കുറഞ്ഞതും സഞ്ചാരികളുടെ കുറവുണ്ടാക്കി. അതിന്റെയെല്ലാം കേടുതീർക്കൽ കൂടിയായിരുന്നു ഇത്തവണത്തെ സാമ്പവർവടകരയിലെയും സുന്ദരപാണ്ഡ്യപുരത്തെയും സൂര്യകാന്തികൃഷി. മിക്കദിവസങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ സുന്ദരപാണ്ഡ്യപുരം റോഡുകളുടെ വശങ്ങൾ പലപ്പോഴും വാഹനങ്ങൾകൊണ്ട് നിറയുകയാണ്. കേരളത്തിൽ നിന്ന് പോകുന്ന സഞ്ചാരികൾ സമീപത്ത് വിളവെടുക്കുന്ന പച്ചക്കറികളും വാങ്ങിയാണ് മടങ്ങുന്നത്. അതേസമയം തിരക്ക് വർധിച്ചതോടെ സുന്ദരപാണ്ഡ്യപുരം റോഡിൽ നിരീക്ഷണത്തിനായി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. സഞ്ചാരികളുടെ ഒഴുക്കായതോടെ പൂപ്പാടങ്ങൾക്ക് സമീപം പച്ചക്കറി, പനനൊങ്ക് തുടങ്ങിയ വിപണനകേന്ദ്രങ്ങളും ഉയർന്നിട്ടുണ്ട്. കൂടാതെ സമീപത്തെ കൃഷി നടത്താത്ത പാടങ്ങളിൽ വാഹനങ്ങളിടുന്നതിനും അനുമതിയുണ്ട്.