16 April 2024 Tuesday

പുതിയ കോവിഡ് രോ​ഗികളിൽ വ്യാപകമായി കാണുന്ന ലക്ഷണങ്ങൾ നെഞ്ചു വേദനയും വയറിളക്കവും

ckmnews

ന്യൂഡൽഹി: കോവിഡ് കേസുകൾ വീണ്ടും ഉയർന്നു കൊണ്ടിരിക്കുകയാണ്. പലരിലും മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പുതിയ കോവിഡ് രോ​ഗികളിൽ വ്യാപകമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.തലവേദന, പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ കോവിഡാണ് നേരത്തേ ഭൂരിഭാ​ഗം പേരെയും ബാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്കു പിന്നാലെ കോവിഡ് പോസിറ്റീവാകുന്ന അവസ്ഥ കൂടിയെന്നാണ് കണ്ടെത്തൽ. അക്യൂട്ട് കൊറോണറി സിൻഡ്രം, ഹൃദയാഘാതം തുടങ്ങിയവയും കോവിഡ് രോ​ഗികളിൽ കൂടുന്നുവെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോ.രാജേഷ് ചൗള പറയുന്നു. മിക്കവരിലും ഒരാഴ്ചയോളം എടുത്താണ് രോ​ഗം ഭേദമാകുന്നതെന്നും അദ്ദേഹം പറയുന്നു.ഡൽഹിയിൽ നടത്തിയ പഠനത്തിൽ ഒമിക്രോൺ വകഭേദമായ BA2.75 ആണ് കൂടുതൽ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യാപനം കൂടുതലാണെങ്കിലും കരുതുന്നത്ര അപകടകാരിയല്ല ഈ വകഭേദമെന്ന് ലോകാരോ​ഗ്യസംഘടന തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.കോവിഡ് മരണനിരക്കുകളുടെ കാര്യത്തിലും ഒരിടവേളയ്ക്ക് ശേഷം ഉയർച്ച ഉണ്ടായി. ഇതിനു പിന്നിൽ കോവിഡ് വൈറസ് മാത്രമല്ലെന്നും നേരത്തേ ശ്വാസകോശ, കിഡ്നി സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ഹൃദ്രോ​ഗമുള്ളവരിലുമൊക്കെയാണ് രോ​ഗം മരണത്തിലേക്ക് നയിക്കുന്നതെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കോവിഡ് ബാധിച്ചവരിൽ ഹൃദ്രോ​ഗ സംബന്ധമായ പ്രശ്നങ്ങൾ കൂടുന്നതായും കണ്ടുവരുന്നുണ്ട്.