28 March 2024 Thursday

രാജമല ദുരന്തം: 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു; ശക്തമായ മഴയെത്തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

ckmnews



ഇടുക്കി: രാജമല പെട്ടിമുടിയിലെ തേയിലത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 30 കുടുംബങ്ങളാണ് ഒലിച്ചുപോയത്. ഇതുവരെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജില്ലാ ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി(48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ശെല്‍വം (50), ഗണേശന്‍(40) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.


കണ്ണന്‍ദേവന്‍ ഹില്‍സ് & പ്ലാന്റഷന്‍സിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ 83 പേരാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് വലിയൊരുപ്രദേശം മുഴുവനായി ഇടിഞ്ഞ് വെള്ളപ്പാച്ചിലില്‍ ലയങ്ങളെ തുടച്ചുനീക്കിയത്. ശക്തമായ മഴയും മഞ്ഞും മൂലം പെട്ടിമുടി ദുരന്തസ്ഥലത്തെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കലക്ടര്‍ അറിയിച്ചു.


രാത്രിയിലും രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമാവുന്ന തരത്തില്‍ വെളിച്ചമടക്കമുള്ള സജ്ജീകരണങ്ങളൊരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, പ്രദേശത്ത് മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്ന് തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 30 മുറികളുള്ള 30 ലയങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഇന്ന് പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാലുലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.


കെഡിഎച്ച്പി കമ്പനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടിയിലെ ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. 12 പേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ള 54 പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. രക്ഷപ്പെട്ടവരില്‍ നാലുപേരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പളനിയമ്മ (50)യെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും ദീപന്‍ (25), ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്. വലിയൊരു പ്രദേശം മുഴവന്‍ മണ്ണും വലിയ പാറക്കല്ലുകളും നിറഞ്ഞ് നികന്ന അവസ്ഥയിലാണ്.


കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നാര്‍ മേഖലയില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ 23 പേരെ കാണാതായിട്ടുണ്ട്. നാലുപേരടങ്ങുന്ന ഒരു കുടുംബം വലിയ ശബ്ദംകേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം സംഭവസ്ഥലത്തെത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴ മുന്നില്‍കണ്ട് ദേശീയ ദുരന്തപ്രതികരണ സേനയുടെ ഒരു യൂനിറ്റിനെ ഇടുക്കി ജില്ലയിലേക്ക് നിയോഗിച്ചിരുന്നു. എന്നാല്‍, വാഗമണ്ണില്‍ ഇന്നലെ രാത്രി ഒരുകാര്‍ ഒലിച്ചുപോയ സംഭവത്തെതുടര്‍ന്ന് എന്‍ഡിആര്‍എഫ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.


രാവിലെ ഈ സംഘത്തെ രാജമലയിലേക്ക് നിയോഗിച്ചു. തൃശൂരില്‍ ഉണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെയും രാജമലയിലെ ദുരന്തമേഖലയിലേക്ക് നിയോഗിക്കുകയുണ്ടായി. ഇതുകൂടാതെ ഫയര്‍ഫോഴ്‌സിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ എറണാകുളത്തുനിന്നും നിയോഗിച്ചു. ഈ സംഘങ്ങള്‍ എത്തിച്ചേരാന്‍ വൈകുന്ന ഘട്ടത്തില്‍ ആകാശമാര്‍ഗം രക്ഷാദൗത്യം നടത്താനുള്ള സാധ്യതയും രാവിലെ തന്നെ തേടിയിരുന്നു.


വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാനായിരുന്നു ശ്രമിച്ചത്. മോശം കാലാവസ്ഥ കാരണം ആ ശ്രമം ഇതുവരെ ഫലവത്തായിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതിബന്ധവും വാര്‍ത്താവിനിമയ ബന്ധവും അവിടെ തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് ദുരന്തം പുറംലോകമറിയാന്‍ വൈകുന്ന സാഹചര്യവുമുണ്ടായി.


ഇവിടേയ്ക്കുള്ള റോഡിലെ പാലം ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ വൈകുന്നതിനും ഇടയാക്കി. സബ്കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


മൂന്നാറില്‍നിന്ന് 30 കിലോമീറ്ററിലധികം മലമുകളിലാണ് പെട്ടിമുടി സ്ഥിതിചെയ്യുന്നത്. മറ്റ് ലയങ്ങളിലെ തൊഴിലാളികളാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. തുടര്‍ന്ന് പോലിസ്, ഫയര്‍ഫോഴ്സ് വിവിധ വകുപ്പുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ദുരന്തനിവാരണസേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തി.


ഇടുക്കി എംപി ഡീന്‍ക്കുര്യാക്കോസ്, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, എസ്പി ആര്‍ കറുപ്പസ്വാമി, ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍, മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. പത്തിലധികം ജെസിബികളും ഹിറ്റാച്ചികളും മേഖലയില്‍ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. വലിയ പാറക്കല്ലുകളും ചെളിയും തിരച്ചിലിന് വെല്ലുവിളിയായി