25 April 2024 Thursday

കൊച്ചി ഫ്ളാറ്റിലെ കൊല: പ്രതി അർഷാദ് കാസർകോട്ട് പിടിയിൽ പ്രതിയിൽ നിന്ന് കഞ്ചാവും വീര്യം കൂടിയ ലഹരി വസ്തുക്കളും പിടികൂടി

ckmnews

കൊച്ചി ഫ്ളാറ്റിലെ കൊല: പ്രതി അർഷാദ് കാസർകോട്ട് പിടിയിൽ 


പ്രതിയിൽ നിന്ന് കഞ്ചാവും വീര്യം കൂടിയ ലഹരി വസ്തുക്കളും പിടികൂടി


കാസർകോട്: കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ മലപ്പുറം വണ്ടൂർ സ്വദേശിയെ കൊന്ന് കിടക്കവിരിയിൽ പൊതിഞ്ഞ് ഫ്ളാറ്റിൽ ഒളിപ്പിച്ച കേസിലെ മുഖ്യപ്രതി കാസർകോട്ട് അറസ്റ്റിലായി. കോഴിക്കോട് ഇരിങ്ങൽ അയനിക്കാട് കോലാരിക്കണ്ടിയിലെ കെ.കെ. അർഷാദ് (27) ആണ് അതിർത്തി കടക്കാനിരിക്കെ മഞ്ചേശ്വരത്ത് പിടിയിലായത്.ഇയാൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽനിന്ന് 1.56 കിലോഗ്രാം കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എ.യും 104 ഗ്രാം ഹാഷിഷും കണ്ടെത്തി.ഒപ്പമുണ്ടായിരുന്ന ഇരിങ്ങലിലെ കുന്നുമ്മൽ ഹൗസിൽ കെ. അശ്വന്തിനെയും (23) അറസ്റ്റ് ചെയ്തു.ഇവർക്കെതിരേ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.


വണ്ടൂർ അമ്പലപ്പടി പുത്തൻപുരവീട്ടിൽ രാമകൃഷ്ണന്റെ മകൻ സജീവ് കൃഷ്ണയുടെ (22) മരണവുമായി ബന്ധപ്പെട്ടാണ് അർഷാദിന്റെ അറസ്റ്റ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച കാസർകോട് ഡിവൈ.എസ്.പി. വി.വി. മനോജിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് എസ്.ഐ. എൻ. അൻസാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.



കാക്കനാട് ഇൻഫോപാർക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്‌സോണിയ ഫ്ളാറ്റിൽ പതിനാറാം നിലയിലാണ് സജീവ് കൃഷ്ണയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സജീവിനൊപ്പമുണ്ടായിരുന്ന അർഷാദിനെ പോലീസ് അന്വേഷിക്കുകയായിരുന്നു. ഫ്ളാറ്റിൽ സജീവും അർഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിനോദയാത്രയ്ക്ക് പോയ മൂന്നുപേർ തിങ്കളാഴ്ച തിരിച്ചുവന്നപ്പോൾ വാതിൽ തുറന്നില്ല. സജീവിനെയും അർഷാദിനെയും ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല.ചൊവ്വാഴ്ച ഉച്ചയോടെ ഫ്ളാറ്റ് തുറന്നപ്പോഴാണ് സജീവിന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ജിഷയാണ് സജീവിന്റെ അമ്മ. രാജീവ് സഹോദരനാണ്.കെ.കെ. അർഷാദ്, കെ. അശ്വന്ത്