28 March 2024 Thursday

'രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ല'; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ckmnews

ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. എന്താണ് സൗജന്യമെന്ന് നിർവചിക്കേണ്ടതുണ്ടെന്നും കോടതി  വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കേസിലാണ്  കോടതി നിരീക്ഷണം. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായായ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.  ധൃതി പിടിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കുകയാണ്  കോടതി. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിലാണ് ആശങ്കയെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച്, എന്താണ് സൗജന്യക്ഷേമ പദ്ധതികൾ എന്ന് നിർവചിക്കേണ്ടതുണ്ടന്ന് വ്യക്തമാക്കി.