29 March 2024 Friday

വനിതകൾക്കുള്ള തൊഴിൽ സംരംഭങ്ങൾ; വനിത വികസന കോർപറേഷന് ചരിത്രനേട്ടം: മന്ത്രി വീണാ ജോർജ്

ckmnews

തിരുവനന്തപുരം: വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സമീപ കാലത്ത് വനിതാ വികസന കോർപറേഷൻ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സർക്കാർ അധികാരമേറ്റതിന്റെ ആദ്യ വർഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വാർഷിക വായ്പ വിതരണം 165.05 കോടി രൂപ, 11866 പേർക്ക് നൽകിക്കൊണ്ട് കൈവരിച്ചു. വായ്പാ തിരിച്ചടവിലും റെക്കോഡ് ഉണ്ടായതായും മന്ത്രി വ്യക്തമാക്കി. വനിതാ വികസന കോർപറേഷന്റെ മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വനിത വികസന കോർപറേഷൻ മുഖേന 2600 ഓളം വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള വായ്പാ ധനസഹായം നൽകണമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വായ്പകളിലൂടെ 7000 ത്തോളം വനിതകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രതിവർഷം ശരാശരി 30,000 വനിതകൾക്ക് പ്രയോജനം ലഭിച്ചു വരുന്നു.