20 April 2024 Saturday

കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

ckmnews

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്‍റെ വീടിന് നേരെ ആണ് ആക്രമണമുണ്ടായത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്‍റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു.

സന്ദീപിന്‍റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴി‌ഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്‍റെ സിറ്റൗട്ടിലുണ്ടായിരുന്ന കസേരക്കും വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. മയക്ക് മരുന്ന് മാഫിയയും ദീപക്കുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മയക്ക് മരുന്ന് മാഫിയക്കെതിരായി പ്രദേശത്ത് ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നാട്ടുകാരായ ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്നുള്ള  പ്രശ്നമാണിതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ചേവായൂര്‍ പൊലീസ് അറിയിച്ചു.