19 April 2024 Friday

സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം;പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി

ckmnews

സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം;പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി


ന്യൂഡൽഹി ∙ സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം. ഇന്നു രാവിലെ 7.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി.  പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രി മോദിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ട വൻ സുരക്ഷാ വലയത്തിലാണ്.10,000 പൊലീസുകാരാണ് ചെങ്കോട്ടയിൽ കാവലൊരുക്കുന്നത്. പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണർ ഏകോപനം വ്യോമസേന നിർവഹിക്കും. മി–17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. തദ്ദേശീയമായി നിർമിച്ച പീരങ്കിയിലാകും 21 ആചാരവെടി മുഴക്കുക.


പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഒൻപതാമത് സ്വാതന്ത്ര്യദിന പ്രസംഗവും ഇന്നുണ്ട്. ഈ പ്രസംഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ആരോഗ്യമേഖലയിലും മറ്റുമായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നു സൂചനയുണ്ട്. ഇന്ത്യയെ മെഡിക്കൽ ടൂറിസത്തിന്റെ ഹബ് ആക്കുന്നതിനുള്ള ‘ഹീൽ ഇൻ ഇന്ത്യ’, ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷിയിൽ രാജ്യത്തെ മുൻനിരയിലെത്തിക്കുന്നതിനുള്ള ‘ഹീൽ ബൈ ഇന്ത്യ’ പദ്ധതികൾ പ്രഖ്യാപിച്ചേക്കും.ഗർഭാശയ കാൻസറിനെതിരായ വാക്സീൻ ദേശീയ കുത്തിവയ്പു ദൗത്യത്തിന്റെ ഭാഗമാക്കുമെന്നും ദേശീയ ആരോഗ്യ മിഷനെ ‘പിഎം സമഗ്ര സ്വാസ്ഥ്യ മിഷൻ’ എന്നു പേരുമാറ്റി വിപുലമാക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിച്ചു.