20 April 2024 Saturday

കെയ്റോയിലെ ക്രിസ്ത്യൻ പള്ളിയിൽ തീപിടിത്തം; 41 മരണം, 55 പേർക്ക് പരുക്ക്

ckmnews

കെയ്റോയിലെ ക്രിസ്ത്യൻ പള്ളിയിൽ തീപിടിത്തം; 41 മരണം, 55 പേർക്ക് പരുക്ക്


കെയ്റോ:ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ കോപ്‌റ്റിക് ക്രിസ്ത്യൻ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് പരുക്കേറ്റു. കെയ്റോയിലെ വടക്കുപടിഞ്ഞാറൻ ജില്ലയായ ഇംബാബയിലെ അബു സിഫിൻ പള്ളിയിലായിരുന്നു തീപിടിത്തം. അപകടത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമായതായി അഗ്നിശമനസേന അറിയിച്ചു. 


മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്‌റ്റുകൾ. ഈജിപ്തിലെ 103 ദശലക്ഷം ആളുകളിൽ 10 ദശലക്ഷമെങ്കിലും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. സംഭവത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി അനുശോചിച്ചു. ദാരുണസംഭവം നിരീക്ഷിച്ചുവരികയാണെന്നും വേണ്ട നടപടികൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട സംസ്ഥാന ഏജൻസികൾക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.


2021 മാർച്ചിൽ കെയ്‌റോയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. 2020ൽ രണ്ട് ആശുപത്രികളിലുണ്ടായ തീപിടിത്തത്തിൽ 14 കോവിഡ് രോഗികളാണു മരിച്ചത്.