29 March 2024 Friday

'ഡിഐജി, എസ്പി', പൊലീസ് വേഷം പലത്; വിവാഹ തട്ടിപ്പ് വീരന്‍ നാലാം ഭാര്യയുടെ വീട്ടിൽ നിന്ന് പിടിയിൽ

ckmnews

കോട്ടക്കല്‍: മലപ്പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വിവാഹത്തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിയ പേരാമ്പ്ര പാലേരി സ്വദേശി കാപ്പുമലയിൽ അൻവർ (45) ആണ് കോട്ടക്കൽ പൊലീസിന്റെ പിടിയിലായത്. വിവിധ പരാതികളില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടിൽ നിന്നാണ്  പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു അന്‍വര്‍. 

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന്  തെറ്റിധരിപ്പിച്ചാണ് പിടിയിലായ അന്‍വര്‍ വിവഹ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീധനമായി പണവും വാഹനവും കവർന്ന് മുങ്ങുന്ന യുവാവിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കോട്ടക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിവീഴുന്നത്.  കേരള പൊലീസില്‍  ഡി ഐ ജി ആണ്, എസ്പി ആണ് തുടങ്ങി ഉന്നത പദവിയിലുള്ള പൊലീസുകാരനാണെന്ന് പെണ്‍വീട്ടുകാരെ  പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍  തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

വിവാഹങ്ങൾ നടത്തി സ്വർണവും കാറും പണവും കൈവശപ്പെടുത്തി മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു. നിരവധി പരാതികളെത്തിയതോടെയാണ് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങിയത്. നാലാം ഭാര്യയുടെ വീട്ടില്‍ പ്രതിയുണ്ടെന്ന് വിവരം കിട്ടിയതോടെ  കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ എം കെ ഷാജിയുടെ നേതൃത്വത്തിൽ എസ് ഐ സുകീസ് കുമാർ, എ എസ് ഐ കൃഷ്ണൻകുട്ടി, സി പി ഒ വീണ വാരിയത്ത് എന്നിവർ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരുർ ഫസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കി. സംസ്ഥാനത്തിന്റെ  വിവിധ ജില്ലകളിൽ ഇയാൾക്കെതരെ വിത്യസ്തമായ കേസ്സുകളുണ്ടെന്നാണ് കോട്ടക്കല്‍ പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും  പൊലീസ് വ്യക്തമാക്കി.