25 April 2024 Thursday

തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പ്രളയവും കോവിഡും പൂട്ടിട്ടത് 5,000ത്തിൽ അതികം കച്ചവട സ്ഥാപനങ്ങൾക്ക്

ckmnews

തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പ്രളയവും കോവിഡും പൂട്ടിട്ടത് 5,000ത്തിൽ അതികം കച്ചവട സ്ഥാപനങ്ങൾക്ക്


മാറി മാറി വന്ന പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് കരകയറാനാകാതെ സംസ്ഥാനത്ത് പൂട്ടിക്കെട്ടിയത് അയ്യായിരത്തിലതികം കച്ചവട സ്ഥാപനങ്ങൾ.രണ്ട് വർഷം തുടർച്ചയായുണ്ടായ പ്രളയത്തിൽ ആയിരത്തോളം കടകൾക്കാണ് താഴുവീണത്. കോവിഡും കൂടിയെത്തി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതോടെ 4,000 വ്യാപാര സ്ഥാപനങ്ങൾ സംസ്ഥാനത്ത് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി.) കേരള ഘടകത്തിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ ഇരട്ടിയിലധികം വരും കണക്കിൽ പെടാത്ത ചെറിയ സ്ഥാപനങ്ങൾ.ഇതിനു പുറമെ സംസ്ഥാനത്തുടനീളം നടന്നിട്ടുള്ള റോഡ് വികസന പ്രവർത്തനങ്ങളുടെ പേരിലും വ്യാപാരികൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്.2018-2022 വരെയുള്ള കാലയളവിൽ രണ്ടായിരത്തോളം കടകൾ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വ്യാപാരി അസോസിയേഷനുകളിൽനിന്നുള്ള കണക്ക്. ഇവരിൽ ചുരുക്കം വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമേ മറ്റിടങ്ങളിലേക്ക് മാറി പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടുള്ളൂ.നഗരവികസനം ദീർഘവീക്ഷണമില്ലാതെ ആസൂത്രണം ചെയ്യുന്നതിന്റെ പരിണതഫലം അനുഭവിക്കുന്ന വ്യാപാരികൾ മലപ്പുറം ജില്ലയിലെയടക്കം കാഴ്ചയാണ്. പാർക്കിങ് സൗകര്യമുള്ള കടകളിൽ മാത്രം ആളുകൾ കയറുന്ന സ്ഥിതിയാണ്. ചെറിയ അങ്ങാടികളിൽ പോലും അങ്ങാടിയിൽ നിന്നൊഴിഞ്ഞു ചുറ്റുവട്ട പ്രദേശങ്ങളിൽ പുതിയ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും കൂണുകൾ പോലെ മുളച്ചുപൊങ്ങുകയാണ്.കാശുകൊടുത്താൽ മാത്രം വിശാലമായ പാർക്കിങ് സൗകര്യവും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വലിയ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും ഇതിന്റെ നേട്ടം കൊയ്യുന്നുണ്ട്.ഇതിനിടയിൽ കോവിഡ് ലോക്ഡൗണും കോർപ്പറേഷൻ നികുതിയും വാടകയുമെല്ലാം താങ്ങാനാകാതെ വന്നതോടെയാണ് പലരും കടകളൊഴിഞ്ഞുപോകാൻ നിർബന്ധിതരായത്.കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ വികസനത്തിന്റെ പേരിൽ പ്രതാപം മങ്ങിപ്പോയ ഇടങ്ങളുടെ പട്ടികയിൽ ഒരുകാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന എം.ജി. റോഡുമുണ്ട്. ഇവിടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളാണ് കച്ചവടം നിർത്തി ‘വില്പനയ്ക്ക്’, ‘പാട്ടത്തിന്’, ‘വാടകയ്ക്ക്’ എന്നിങ്ങനെ ബോർഡുകളെഴുതി ഒഴിച്ചിട്ടിരിക്കുന്നത്.മെട്രോയുടെയും അനുബന്ധ വികസന പ്രവർത്തനങ്ങളുടെയും ഫലമായി എം.ജി. റോഡ് പരിസരത്ത് പ്രവർത്തിച്ചിരുന്ന മിക്ക കടകളിലും വ്യാപാരം കുറഞ്ഞു.