25 April 2024 Thursday

എക്‌സൈസ് ഓഫിസില്‍ കഞ്ചാവ് ‘ക്ലാസ് ’ കടുത്ത അതൃപ്തി നടപടിക്ക് സാധ്യത

ckmnews

എക്‌സൈസ് ഓഫിസില്‍ കഞ്ചാവ് ‘ക്ലാസ് ’ കടുത്ത അതൃപ്തി നടപടിക്ക് സാധ്യത


തിരുവനന്തപുരം:കഞ്ചാവു കേസിലെ പ്രതിയായ യൂട്യൂബ് വ്ലോഗർ എക്സൈസ് ഓഫിസിനുള്ളിൽ വച്ച് കഞ്ചാവിന്റെ ‘ഗുണങ്ങൾ’ വിവരിച്ച വീഡിയോ പുറത്തായത് എക്സൈസ് തലപ്പത്ത് കടുത്ത അതൃപ്തിക്ക് കാരണമാകുന്നു.പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോടു കഞ്ചാവു വലിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത ബീച്ച് റോഡ് പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ (34) എക്സൈസ് മട്ടാഞ്ചേരി റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടു ദിവസം മുൻപ് പിടികൂടിയിരുന്നു.അറസ്റ്റിലായ ഇയാൾ എക്സൈസ് ഓഫിസിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഞ്ചാവ് വലിക്കുന്നതിന്റെ ‘ഗുണങ്ങൾ’ വിവരിക്കുന്ന വിഡിയോ പുറത്തു വരികയും വലിയ പ്രചാരം ലഭിക്കുകയും ചെയ്തതോടെ എക്സൈസ് വെട്ടിലായി. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണർ എസ്.അനന്തകൃഷ്ണൻ ഐപിഎസ് വിജിലൻസ് എസ്പിക്കു നിർദേശം നൽകിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതായും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും എക്സൈസ് കമ്മിഷണർ പറഞ്ഞു


ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ലഹരിക്കെതിരെ നടപടികൾ സ്വീകരിക്കുന്ന എക്സൈസ് ഓഫിസിൽവച്ച് കഞ്ചാവിന് അനുകൂലമായി പ്രതി സംസാരിച്ച വിഡിയോ പുറത്തുവന്നത് സേനയ്ക്കു നാണക്കേടായതായി അവർ പറയുന്നു. കഞ്ചാവ് സസ്യമാണെന്നും അതിനാൽ ഇനിയും വലിക്കുമെന്നുമാണ് വ്ലോഗർ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പറയുന്നത്. യുവജനങ്ങള്‍ക്ക് ഇതു തെറ്റായ സന്ദേശം നൽകുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.


സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് വിജിലൻസ് എസ്പി പറഞ്ഞു. ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. റിപ്പോർട്ട് കമ്മിഷണർക്കു ലഭിച്ചാൽ വകുപ്പുതല നടപടികൾ സ്വീകരിക്കും. കഞ്ചാവു കിട്ടുന്നില്ല എന്നു പരാതിപ്പെട്ട തൃശൂർ സ്വദേശിനിയായ പെൺകുട്ടിയോട് അതിനായി കോതമംഗലത്തേക്കു പോകാനാണ് വ്ലോഗർ വിഡിയോയിലൂടെ ഉപദേശിച്ചത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെയാണ് അന്വേഷണത്തിനു നിർദേശം നൽകിയത്.