24 April 2024 Wednesday

സ്വർണക്കടത്തിൽ സിനിമാക്കഥയെ വെല്ലുന്ന പ്ലാനിങ്; സ്വർണം കടത്തിയ ആൾ തന്നെ കവർച്ചക്കും ടീമിനെ സെറ്റാക്കി; 'അതുക്കും മേലെ' പോലീസ് പ്ലാനിട്ടപ്പോൾ കരിപ്പൂരിൽ പിടിയിലായത് കവർച്ചാസംഘത്തിലെ 5 പേർ..!

ckmnews

കരിപ്പൂരിൽ സ്വർണക്കവർച്ചാ സംഘം പിടിയിൽ. യാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സിനിമാക്കഥയെ വെല്ലുന്ന കവർച്ചാ സംഘത്തിന്റെ പ്ലാനിങ്ങാണ് പൊലീസ് പൊളിച്ചത്. ജിദ്ദയിൽനിന്നെത്തിയ യാത്രക്കാരൻ കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെയാണ് വിമാനത്താവളത്തില്‍നിന്നു കരിപ്പൂർ പൊലീസ് പിടികൂടിയത്.


യാത്രക്കാരന്റെ അറിവോടെ നടന്ന കവർച്ചാ ശ്രമമാണു പൊളിച്ചത്. ഇൻഡിഗോ വിമാനത്തിൽ വന്ന തിരൂർ നിറമരുതൂർ കാവിട്ടിൽ മഹേഷ് (42) ആണ് സ്വർണവുമായി പുറത്തെത്തിയത്. മഹേഷിനു പുറമേ, പരപ്പനങ്ങാടി സ്വദേശികളായ കെ.ടി.നഗറിലെ കുഞ്ഞിക്കണ്ണന്റെ പുരയ്ക്കൽ മൊയ്തീൻകോയ (52), പള്ളിച്ചന്റെ പുരയ്ക്കൽ മുഹമ്മദ് അനീസ് (30), പള്ളിച്ചന്റെപുരയ്ക്കൽ അബ്ദുൽ റഊഫ് (36), നിറമരുതൂർ ആലിൻചുവട് പുതിയന്റകത്ത് സുഹൈൽ (36) എന്നിവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ 5 പേരെയും റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി നഗരസഭാ മുന്‍ സിപിഎം കൗൺസിലറും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) മുൻ ജില്ലാ ട്രഷററുമാണ് മൊയ്തീൻകോയ.


യാത്രക്കാരന്റെ അറിവോടെ സ്വർണം തട്ടിയെടുക്കാൻ സംഘമെത്തുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിൽ വിമാനത്താവള കവാടത്തിനു സമീപം മുഹമ്മദ് അനീസും അബ്ദുൽ റഊഫും സുഹൈലും ആദ്യം പിടിയിലായി. ഇവരെത്തിയ വാഹനവും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്നാണ് യാത്രക്കാരനെയും സ്വർണവും കണ്ടെത്തിയത്. കവർച്ചയുമായി ബന്ധപ്പെട്ട ആസൂത്രണത്തിൽ പങ്കാളിയായ മൊയ്തീൻകോയയെയും പിന്നീട് പിടികൂടി.


മഹേഷിൽനിന്ന് 4 കാപ്സ്യൂളുകളിലായി 974 ഗ്രാം മിശ്രിതമാണു കണ്ടെടുത്തത്. അതിൽനിന്ന് 46 ലക്ഷം രൂപയുടെ 885 ഗ്രാം സ്വർണം ലഭിച്ചു.