ഓട്ടോ തൊഴിലാളികൾക്ക് ചാലിശ്ശേരി ജനമൈത്രി പോലീസ് നടത്തിയ വ്യത്യസ്ഥ ബോധവത്കരണം ശ്രദ്ധേയമായി

ഓട്ടോ തൊഴിലാളികൾക്ക് ചാലിശ്ശേരി ജനമൈത്രി പോലീസ് നടത്തിയ വ്യത്യസ്ഥ ബോധവത്കരണം ശ്രദ്ധേയമായി
ചാലിശ്ശേരി: ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചാലിശ്ശേരി ടൗൺ,കൂറ്റനാട്,പെരിങ്ങോട്,കൂറ്റനാട് ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോറിക്ഷ സ്റ്റാന്റുകൾ എസ്.ഐ.ജോൺസന്റെ നേതൃത്വത്തിൽ സന്ദർശിച്ച് വാഹന പരിശോധന നടത്തുകയും ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ട്രാഫിക്ക് ബോധവൽക്കരണവും,നിയമ ബോധവൽക്കരണവും നൽകുകയും ചെയ്തു.ശരിയായ രീതിയിൽ നിയമം പാലിച്ചിരുന്ന ഡ്രൈവർമാരെ തിരഞ്ഞെടുത്ത് ഷർട്ട് തുന്നുന്നതിനാവശ്യമായ കാക്കിത്തുണി ആദരവിന്റെ ഭാഗമായി നൽകുകയും ചെയ്തു.ബാബു ചാലിശ്ശേരി,ഹാസിം കൂറ്റനാട്, രാധാകൃഷ്ണൻ മേഴത്തൂർ, അച്യുതൻ കോതച്ചിറ എന്നീ ഓട്ടോ ഡ്രൈവർമാരെയാണ് ആദരിച്ചത്.ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ,കെ.ഡി.അഭിലാഷ്,സി. പി.ഒ.രാജീവ്, ചാലിശ്ശേരി പഞ്ചായത്തംഗം വിജേഷ് കുട്ടൻ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ജീവകാരുണ്യ പ്രവർത്തനങ്ങളിലും,സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും, കോവിഡ് കാലത്ത് നടത്തിയ സേവന പ്രവർത്തനങ്ങളിലും,ചാലിശ്ശേരി ജനമൈത്രി പോലീസ് പ്രശംസ പിടിച്ചു പറ്റിയിരുന്നു.സംസ്ഥാനത്തെ ഏറ്റവും മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനായും,കഴിഞ്ഞ മാസം ഉൾപ്പെടെ രണ്ടാം തവണയും, പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച ജനമൈത്രി സ്റ്റേഷൻ ആയി ചാലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.