19 April 2024 Friday

വെള്ളക്കെട്ടിനു പരിഹാരം കാണണം:ചങ്ങരംകുളം മേഖലാ മുസ്ലിംലീഗ്

ckmnews

വെള്ളക്കെട്ടിനു പരിഹാരം കാണണം:ചങ്ങരംകുളം മേഖലാ മുസ്ലിംലീഗ്


ചങ്ങരംകുളം:പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ കനാൽ നിർമാണവും ആലങ്കോട്,നന്നംമുക്ക് പഞ്ചായത്ത് ഭരണ സമിതികളുടെ കുറ്റകരമായ അനാസ്ഥയും കാരണം കാലവർഷം ശക്തമായതോടെ ചങ്ങരംകുളം ടൗണിൽ നിന്നും ബൈപ്പാസിൽ നിന്നും ഒഴുകുന്ന മാലിന്യം കലർന്ന ജലം കിഴക്കേ റോഡിൽ സൃഷ്ടിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ചങ്ങരംകുളം മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നിരന്തരം ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം ടൗൺ മുതൽ മാസ്സ് തിയേറ്റർ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ താമസിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആയിരിക്കുകയാണെന്നും പരിസരത്തെ ഹോട്ടലുകളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന മാലിന്യ ജലം കുത്തിയൊലിച്ച് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും പല തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.പള്ളിയിലും ആശുപത്രിയിലും പരിസരത്തെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിക്കുന്നത് പതിവായി മാറിയിരിക്കുന്നു.പരിസരവാസികളുടെ ദുരിതത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും വകുപ്പ് ഉദ്യോഗസ്ഥന്മാരോടും ആവശ്യപ്പെട്ടു.അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

പ്രസിഡന്റ് സി എം യൂസഫ് അധ്യക്ഷത വഹിച്ചു.ആലംകോട്, നന്നമുക്ക് പഞ്ചായത്തുകളും ചെറുവല്ലൂരും ഉൾപ്പെടുന്ന ചങ്ങരംകുളം മേഖലയിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഒരു വർഷം നീണ്ടുനിൽക്കുന്ന ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സി.എം. യൂസഫ്, പി. പി. യൂസഫലി, ഷാനവാസ് വട്ടത്തൂർ, ബഷീർ കക്കിടിക്കൽ, പി.വി. ഇബ്രാഹിംകുട്ടി എന്നിവരെ യോഗം ചുമതലപ്പെടുത്തി.സെപ്റ്റംബർ രണ്ടാം വാരത്തിൽ ചേരുന്ന വിപുലമായ മേഖലാ പ്രവർത്തക കൺവെൻഷനിൽ ആക്ഷൻ പ്ലാൻ അവതരിപ്പിക്കുന്നതിനും തീരുമാനിച്ചു.രാജ്യത്തിന്റെ 75- ഞ്ചാം സ്വാതന്ത്ര്യ ദിനം കാലത്ത് 8.30 മണിക്ക് ലീഗ് ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയർത്തിയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറിയും ദേശഭക്തിഗാനം ആലപിച്ചും സമുചിതമായി ആഘോഷിക്കാനും യോഗം തീരുമാനിച്ചു.മേഖലയിലെ അസ്സബാഹ് കോളേജ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് മേഖലയിലെ പഞ്ചായത്ത് തല മുസ്ലിംലീഗ്, യൂത്ത്ലീഗ്, എംഎസ്എഫ് നേതാക്കളുടെയും,കോളേജ് സ്ഥിതി ചെയ്യുന്ന ശാഖ കമ്മിറ്റി ഭാരവാഹികളുടെയും കോളേജ് യൂണിറ്റ് എംഎസ്എഫ് ഭാരവാഹികളുടെയും സംയുക്ത യോഗം ചേരുന്നതിനും തീരുമാനിച്ചു.ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, മേഖല ജനറൽ സെക്രട്ടറി പി പി യൂസഫലി, ട്രഷറർ  ഹമീദ് ചെറുവല്ലൂർ, എം അബ്ബാസ് അലി, എ വി അഹമ്മദ്, എം കെ അൻവർ, ബഷീർ കക്കടിക്കൽ,സി കെ ബാപ്പിനു ഹാജി, ടി വി അഹമ്മദുണ്ണി, ഉസ്മാൻ പന്താവൂർ, എം വി അബ്ദുൽ റഷീദ്,ഒ വി ഹനീഫ, ആഷിക് നന്നംമുക്ക്,ഷബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന്,കെഎംസിസി ഭാരവാഹികളായ ഹമീദ് ബാബു,കെ.ഇബ്രാഹിംകുട്ടി, പി.വി. ഇബ്രാഹിംകുട്ടി, ടി. വി. നസീർ എന്നിവർ പ്രസംഗിച്ചു.