24 April 2024 Wednesday

കടൽ കടന്ന രക്ത ദാന ദൗത്യം പൂർത്തീകരിച്ച് മലയാളത്തിന്റെ മക്കൾ തിരിച്ചെത്തി.

ckmnews

കടൽ കടന്ന രക്ത ദാന ദൗത്യം പൂർത്തീകരിച്ച് മലയാളത്തിന്റെ മക്കൾ തിരിച്ചെത്തി.


മലപ്പുറം :ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്ക് അപൂർവ്വങ്ങളിൽ അപൂർവ്വ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കൾ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രക്തദാതാക്കളെ ബ്ലഡ് ഡൊണേഴ്‌സ് കേരള ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.സൗദിയിൽ രക്തമാവശ്യമായി വന്നപ്പോഴാണ് കുടുംബം ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്പ്റ്ററുമായി ബന്ധപ്പെടുന്നത്. തുടർന്ന് ബി ഡി കെ യുടെ ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സലിം സി കെ വളാഞ്ചേരിയുമായി ബി ഡി കെ സൗദി ചാപ്പ്റ്റർ ബന്ധപ്പെടുകയും ബോംബെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ വിവരം  അവതരിപ്പിച്ച ഉടനെ രക്തദാതാക്കളായ ജലീന മലപ്പുറം,  മുഹമ്മദ് ഷരീഫ് പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ,മുഹമ്മദ് ഫാറൂഖ് തൃശ്ശൂർ തുടങ്ങിയവർ ഉടനെ തന്നെ സന്നദ്ധരായി മുന്നോട്ട് വരികയാണുണ്ടായത്.ബോംബെ ഗ്രൂപ്പ് രക്താവശ്യം വന്നാൽ എത്ര ദൂരത്തും ഓടിയെത്തി ജീവൻ രക്ഷിക്കാൻ സന്നദ്ധരായ നന്മ മനസ്സുകളെ ഈ കടൽ കടന്ന് കൊണ്ടുള്ള ജീവരക്തം ദാനം നിർവ്വഹിക്കാനും  അവരെ യാതൊരു കുഴപ്പവും കൂടാതെ യാത്രയാക്കി തിരിച്ചെത്തിക്കാനും സലിം സി കെ വളാഞ്ചേരി എടുത്ത ദൗത്യം അത്ര മാത്രം  പ്രശംസനീയമാണ്.ഈ പുണ്യ കർമ്മത്തിന് നിമിത്തമായതും സൗദിയിലെ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്ത് ഭംഗിയായി നിർവ്വഹിച്ച ബി ഡി കെ സൗദി ചാപ്റ്ററിന്റെ ഇടപെടലും കാര്യങ്ങൾ വേഗത്തിലാക്കി. ജൂലൈ 19 ചൊവ്വാഴ്ച സൗദിയിലേക്ക് യാത്ര തിരിക്കുകയും വിവിധ പരിശോധനകൾക്ക് ശേഷം സൗദി ബാലന്റെ ശസ്ത്രക്രിയക്കായി നാല് പേരും രക്തദാനം നിർവ്വഹിച്ചതിന് ശേഷം പുണ്യ ഭൂമിയിൽ ഉംറ കർമവും നിർവ്വഹിച്ചാണ് ഇവർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്ന ദൗത്യമായതിനാൽ കാര്യമായ യാത്രയയപ്പ് ഒന്നും തന്നെ നല്കാനായിരുന്നില്ലെങ്കിലും പുണ്യദാനം ചെയ്ത് പുണ്യ ഭൂമിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ  4 പേർക്കും ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റുമായ സലീം സി കെ വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ കാസർകോഡ്, ട്രഷറർ സക്കീർ ഹുസൈൻ തിരുവനന്തപുരം മറ്റ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ചേർന്ന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.  ബി ഡി കെ എന്ന സന്നദ്ധ രക്തദാന സംഘടനക്കൊപ്പം  ഇന്ത്യാ മഹാരാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥനകളും ആശംസകളും ഇനിയുള്ള ദിവസങ്ങളിലും ഇവരെ തേടിയെത്തുമെന്നതിൽ യാതൊരു സംശയവുമില്ല. നന്മ നിറഞ്ഞ ഇവരുടെ നാമം  ജീവൻരക്ഷാ സഹായം ലഭിച്ച സൗദി ബാലനും കുടുംബവും ഒരിക്കലും മറക്കുകയുമില്ല.